ഒടുവിൽ തെളിഞ്ഞു, രാജ്യരേഖ: 16 വർഷത്തെ പോരാട്ടത്തിനൊടുവിൽ റഷീദ ബാനുവിന് ഇന്ത്യൻ പൗരത്വം
Mail This Article
കണ്ണൂർ ∙ ‘ഞാനൊരു ഇന്ത്യക്കാരി’ എന്നു തലശ്ശേരി കതിരൂർ പുത്തൻപീടികയിൽ റഷീദ ബാനുവിന് ഇനി അഭിമാനത്തോടെ പറയാം. ഭാരതീയ പൗരൻ എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ രേഖ റഷീദയ്ക്ക് ജില്ലാ കലക്ടർ കൈമാറി.പൊലീസിന്റെ സാക്ഷ്യപ്പെടുത്തലില്ലാതെ റഷീദയ്ക്ക് ഇനി ഇന്ത്യയിൽ എവിടെയും പോകാം. പാസ്പോർട്ടും മറ്റു രേഖകളും എടുക്കാം. ‘ഇനി എനിക്ക് തലനിവർത്തി നടക്കാം’ എന്ന് റഷീദ സന്തോഷത്തോടെ പറഞ്ഞു.16 വർഷത്തെ പോരാട്ടത്തിനൊടുവിലാണു റഷീദയ്ക്ക് ആശ്വാസത്തിന്റെ രേഖ ലഭിക്കുന്നത്. റഷീദയുടെ പോരാട്ടത്തെക്കുറിച്ച് 2024 ജൂൺ 2ന് മലയാള മനോരമ ‘ഞായറാഴ്ച’യിൽ ‘തെളിഞ്ഞില്ല രാജ്യരേഖ’ എന്ന ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.
കതിരൂർ സ്വദേശിയായ കെ.വി.ഹസൻ–ഫാത്തിമ ദമ്പതികളുടെ മകളായ റഷീദ ജനിച്ചതും വളർന്നതും പാക്കിസ്ഥാനിലായിരുന്നു. ഇന്ത്യ–പാക്ക് വിഭജനത്തിനു മുൻപ് കറാച്ചിയിൽ ജോലിക്കുപോയതായിരുന്നു ഹസൻ. റഷീദയെ വിവാഹം കഴിച്ച പിതൃസഹോദരി പുത്രൻ മഹ്റൂഫും പാക്കിസ്ഥാൻ പൗരനായിരുന്നു. മക്കളെയുംകൂട്ടി 2008ൽ റഷീദയും ഭർത്താവും തലശ്ശേരിയിലെത്തി, ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചു.പൗരത്വം ലഭിക്കാനുള്ള നടപടികൾ നീണ്ടതോടെ റഷീദയും മക്കളും സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങി.
മഹ്റൂഫ് പാക്കിസ്ഥാനിലേക്കു തിരിച്ചുപോയി. മക്കളായ അഫ്ഷാൻ, സാദിയ, മുഹമ്മദ് കാസിം എന്നിവർക്കു 2018ൽ പൗരത്വം ലഭിച്ചു. സുമൈറ, മറിയം എന്നിവർക്ക് 90 ദിവസത്തിനകം പൗരത്വം നൽകണമെന്ന് 2024 ജൂലൈയിൽ ഹൈക്കോടതി വിധിച്ചു. പൗരത്വനിയമ പ്രകാരം മകൻ ഇസ്മായിലിനു ഉടൻ പൗരത്വം ലഭിക്കും. ഉമ്മ ഫാത്തിമയുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതും പൗരത്വം ലഭിക്കാനായി നൽകിയ രേഖകളെക്കുറിച്ച് വിവരമില്ലാത്തതുമായിരുന്നു റഷീദയ്ക്കു മുൻപിൽ തടസ്സം തീർത്തിരുന്നത്. 2018 ഏപ്രിൽ 24 എന്ന തീയതിയിലാണ് ഇപ്പോൾ പൗരത്വരേഖ ലഭിച്ചത്.