ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോളസമാധാനവും ചർച്ച
Mail This Article
ന്യൂഡൽഹി / വാഷിങ്ടൻ ∙ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തുവെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോടു പറഞ്ഞു.
ഇതിനിടെ, വോട്ടെണ്ണൽ തുടരവേ, ട്രംപ് നേടുന്ന ഇലക്ടറൽ വോട്ടുകളുടെ എണ്ണം 312 ആകുമെന്നുറപ്പായി. വോട്ടെണ്ണൽ തുടരുന്ന സംസ്ഥാനങ്ങളായ അരിസോനയിലും നെവാഡയിലും ട്രംപ് ആണു മുൻപിൽ. കമലയ്ക്ക് 226 വോട്ടാണു കിട്ടുക. (നിലവിൽ ട്രംപ് 295, കമല 226 എന്നാണു നില.) ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും ട്രംപിന്റെ കയ്യിലാകും.
ജനകീയ വോട്ടിലും ട്രംപ് ആണ് മുന്നിൽ. 20 വർഷത്തിനിടെ ആദ്യമായാണ് ജനകീയ വോട്ടിൽ റിപ്പബ്ലിക്കൻ പാർട്ടി ഒന്നാമതെത്തുന്നത്. ലഭ്യമായ ഫലമനുസരിച്ചു ട്രംപിനു കമലയെക്കാൾ 50 ലക്ഷത്തിലേറെ വോട്ടുകൾ ലഭിച്ചു. സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണു മുൻതൂക്കമെങ്കിലും ഭൂരിപക്ഷം നേടിയിട്ടില്ല.
സർക്കാർ രൂപീകരണ നടപടികൾ ട്രംപ് തുടങ്ങിയിട്ടുണ്ട്. ട്രംപിനെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിട്ടുണ്ട്. ബൈഡൻ ഇന്നു രാഷ്ട്രത്തോടു സംസാരിക്കും. തിരഞ്ഞെടുപ്പു തോൽവി അംഗീകരിച്ചു നടത്തിയ പ്രസംഗത്തിൽ കമല ഹാരിസ്, ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചു. ട്രംപിനെതിരായ കേസുകൾ അധികാരമേൽക്കും മുൻപേ റദ്ദാക്കാനും നടപടി ആരംഭിച്ചു