9/11 ഭീകരാക്രമണം: വധശിക്ഷ സംബന്ധിച്ച ധാരണ സാധുവെന്ന് യുഎസ് കോടതി
Mail This Article
വാഷിങ്ടൻ ∙ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും 2001 സെപ്റ്റംബർ 11ന് അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു 2 പ്രതികളും വധശിക്ഷ ഒഴിവാക്കാൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണ സാധുവാണെന്നു ഗ്വാണ്ടനാമോ സൈനികക്കോടതി വിധിച്ചു. ധാരണ തള്ളിക്കൊണ്ടു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നൽകിയ ഉത്തരവ് ഇതോടെ റദ്ദായി. വധശിക്ഷ ഒഴിവാക്കാനായി 3 പ്രതികളും കുറ്റമേൽക്കണമെന്ന വ്യവസ്ഥയിലായിരുന്നു സർക്കാർ അനുമതിയോടെയുള്ള ഒത്തുതീർപ്പ്. ഈ ധാരണയുടെ വിശദാംശങ്ങൾ ജൂലൈ അവസാനം പുറത്തുവന്നതോടെ വൻവിവാദമായി. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ നടപടിയെ ശക്തമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.
കോടതി അംഗീകരിച്ച ധാരണ റദ്ദാക്കാൻ പ്രതിരോധ സെക്രട്ടറിക്ക് അധികാരമില്ലെന്നും ജഡ്ജി എയർഫോഴ്സ് കേണൽ മാത്യു മക്കോൾ വിധിന്യായത്തിൽ വ്യക്തമാക്കി. ഉത്തരവ് പരിശോധിച്ചുവരികയാണെന്നാണ് പെന്റഗൺ പ്രസ് സെക്രട്ടറി പ്രതികരിച്ചത്.മൂവായിരത്തോളം പേർ കൊല്ലപ്പെട്ട ഭീകരാക്രമണക്കേസിലെ വിചാരണ നടപടികൾ 23 വർഷത്തിനു ശേഷവും പൂർത്തിയായിട്ടില്ല. പ്രതികളെ സിഐഎ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളിലും ഭാഗികവാദമേ നടന്നിട്ടുള്ളു.