ഭരണസഖ്യത്തിൽ വിള്ളൽ; ജർമനിയിൽ മന്ത്രിസഭയ്ക്ക് ഭീഷണി
Mail This Article
ബർലിൻ ∙ ഭരണസഖ്യത്തിലെ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയുടെ മന്ത്രിമാരെല്ലാം രാജിവച്ചതോടെ, ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തകർച്ചയിലേക്ക്. സർക്കാരിന്റെ നയത്തിൽ നിന്നു വ്യതിചലിച്ചതിന്റെ പേരിൽ ധനമന്ത്രി ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയിലെ ക്രിസ്റ്റ്യൻ ലിൻഡ്നറെ ബുധനാഴ്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് പാർട്ടിയിലെ മറ്റു 3 മന്ത്രിമാരും രാജിവയ്ക്കുകയായിരുന്നു. ജനുവരി 15ന് മന്ത്രിസഭ വിശ്വാസവോട്ട് തേടുമെന്ന് ചാൻസലർ ഷോൾസ് അറിയിച്ചു.
വിശ്വാസവോട്ടിൽ പരാജയപ്പെട്ടാൽ മാർച്ചിൽ തിരഞ്ഞെടുപ്പു നടക്കും. സെപ്റ്റംബറിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്നത്. ചില വൻ വ്യവസായികൾക്ക് നികുതിയിളവു നൽകാനും പെൻഷൻകാരുടെ തുക വെട്ടിക്കുറയ്ക്കാനുമുള്ള ലിൻഡ്നറുടെ നീക്കമാണ് സഖ്യത്തിന്റെ തകർച്ചയ്ക്കിടയാക്കിയത്. ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻസ് പാർട്ടി എന്നിവയാണ് ഭരണ സഖ്യത്തിലെ മറ്റു കക്ഷികൾ. സുപ്രധാനമായ സാമ്പത്തിക, പ്രതിരോധ നിയമങ്ങൾ പാസാക്കാൻ പ്രതിപക്ഷത്തിന്റെ സഹായം തേടുമെന്ന് ചാൻസലർ ഷോൾസ് പറഞ്ഞു.