കമലയെ തോൽപിച്ചത് ബൈഡൻ; ഡമോക്രാറ്റിക് പാർട്ടിയിൽ വിമർശനം
Mail This Article
വാഷിങ്ടൻ ∙ അനാരോഗ്യവും ഭരണപരാജയവും വേട്ടയാടുമ്പോഴും വീണ്ടും മത്സരിക്കാനായി അവസാനനിമിഷം വരെ വാശിപിടിച്ച ജോ ബൈഡനാണു കമല ഹാരിസിന്റെ ദയനീയ പരാജയത്തിനു കാരണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. നാണ്യപ്പെരുപ്പവും യുഎസ്–മെക്സിക്കോ അതിർത്തി പ്രശ്നവും നീറിനിന്നത് ബൈഡൻ ഭരണകൂടം അവഗണിക്കുകയും ചെയ്തു.
ജൂലൈ വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നശേഷമാണ് ട്രംപുമായുള്ള സംവാദത്തിൽ തോറ്റ് പിൻമാറാൻ ബൈഡൻ തീരുമാനിച്ചത്. ബൈഡൻ നേരത്തേ പിന്മാറിയിരുന്നെങ്കിലും ഡെമോക്രാറ്റുകൾക്ക് ശക്തവും വിപുലവുമായ പ്രചാരണത്തിനു സാധിച്ചേനെ എന്നാണു കമല പ്രചാരണവിഭാഗം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നടത്തിയതിലും മെച്ചപ്പെട്ട പ്രകടനം കമല ഹാരിസിന് ഒരു സംസ്ഥാനത്തുപോലും സാധ്യമായില്ലെന്നാണു വിലയിരുത്തൽ.
തിരഞ്ഞെടുപ്പു തോൽവി അംഗീകരിച്ചു നടത്തിയ പ്രസംഗത്തിൽ സമാധാനപരമായ ഭരണമാറ്റം ഉറപ്പാക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ‘നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദി, എന്റെ ഹൃദയം നമ്മുടെ രാജ്യത്തോടുള്ള സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. നാം പോരാടിയത് നേടാനായില്ല. എന്നാൽ തിരഞ്ഞെടുപ്പുഫലം നാം അംഗീകരിക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം തിരഞ്ഞെടുപ്പു ഫലമെന്തായാലും അത് അംഗീകരിക്കുകയെന്നതാണ്. നമ്മുടെ കൂറ് പാർട്ടിയോടോ പ്രസിഡന്റിനോടോ അല്ല. യുഎസ് ഭരണഘടനയോടാണ്’–കമല പറഞ്ഞു. ചരിത്രപരമായ പോരാട്ടമാണ് കമല നടത്തിയതെന്ന് ബൈഡൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കമല ഹാരിസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജനകീയ വോട്ടെടുപ്പാണ് 2024 നവംബർ 5നു നടന്നത്. ഇലക്ടറൽ കോളജിലെ വോട്ടെടുപ്പ് ഡിസംബർ 17നു നടക്കും. 2025 ജനുവരി 6 ന് സെനറ്റ് പ്രസിഡന്റ് കൂടിയായ നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇലക്ടറൽ കോളജ് വോട്ടെണ്ണി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. എതിർ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കാനുള്ള നിയോഗം കമലയ്ക്കു കൈവരികയാണ്.
ഇടവേളയോടെ ആദ്യം ഗ്രോവർ ക്ലീവ്‌ലൻഡ്
ഒരു ഇടവേളയ്ക്കുശേഷം വീണ്ടും യുഎസ് പ്രസിഡന്റ് ആയ ആദ്യവ്യക്തി ഗ്രോവർ ക്ലീവ്‌ലൻഡ് ആണ്. അദ്ദേഹം 22-ാമത്തെയും (1885- 1889) 24-ാമത്തെയും (1893- 1897) പ്രസിഡന്റ് ആയിരുന്നു. 1884 ൽ ആദ്യം ഗ്രോവർ ക്ലീവ്‌ലൻഡ് (ഡെമോക്രാറ്റിക്) ജയിംസ് ജി. ബ്ലയിനെ (റിപ്പബ്ലിക്കൻ) പരാജയപ്പെടുത്തി. 1888 ൽ രണ്ടാം മത്സരത്തിൽ ക്ലീവ്‌ലൻഡിനെ ബഞ്ചമിൻ ഹാരിസൺ (233- 168) പരാജയപ്പെടുത്തി. 1892 ൽ ക്ലീവ്‌ലൻഡ് ഹാരിസണെ പരാജയപ്പെടുത്തി.