മണിപ്പുരിൽ യുവതിയെ ചുട്ടുകൊന്നു
Mail This Article
കൊൽക്കത്ത∙ മണിപ്പുരിലെ ജിരിബാമിൽ മാർ ഗോത്രവിഭാഗത്തിലെ യുവതിയെ ചുട്ടുകൊന്നു. മെയ്തെയ് സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിലെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കി ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടവരാണു മാർ ഗോത്രം. 17 വീടുകൾ തീയിട്ടു നശിപ്പിച്ചു. ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റർ അകലെ സെയ്റാൻ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സമീപത്തുണ്ടായിരുന്ന സിആർപിഎഫ് ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9ന് ആയിരുന്നു ആക്രമണം. സ്കൂൾ അധ്യാപികയായ സോസാംകിമ്മിന് (31) വെടിയേൽക്കുകയായിരുന്നു. പ്രായമായ മാതാപിതാക്കളും ഭർത്താവും മൂന്നു മക്കളും ഓടി രക്ഷപ്പെട്ടു. യുവതിയെ ബലാൽസംഗം ചെയ്ത ശേഷമാണ് ചുട്ടുകൊന്നതെന്ന് കുക്കി ഗോത്രസംഘടനകൾ ആരോപിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അസമിലെ സിൽചർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
സംഭവത്തിൽ പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഒരു വർഷത്തോളം സമാധാനത്തിലായിരുന്ന ജിരിബാം ജില്ലയിൽ ഈ വർഷം പകുതിയോടെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.