മണിപ്പുർ: കാണാതായ 8 പേരിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ ജിരിബാമിലെ ദുരിതാശ്വാസക്യാംപിൽ നിന്നു കാണാതായ മെയ്തെയ് വിഭാഗക്കാരായ 2 പേരുടെ മൃതദേഹം കണ്ടെത്തി. 3 സ്ത്രീകളെയും 3 കുട്ടികളെയും ഇനിയും കണ്ടുകിട്ടിയില്ല. സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണു പുതിയ സംഭവം.
കലാപം വീണ്ടും ആളിക്കത്തിയതോടെ മണിപ്പുർ പൊട്ടിത്തെറിയുടെ വക്കിലെത്തി. ജിരിബാമിൽ നിരോധനാജ്ഞ തുടരുകയാണ്. ഇംഫാൽ വെസ്റ്റിൽ ഇന്നലെ വെടിവയ്പു നടന്നതിനെത്തുടർന്നു സുരക്ഷ കർശനമാക്കി. ഇംഫാൽ താഴ്‍വരയുടെയും കുക്കി കുന്നുകളുടെയും മധ്യേയുള്ള ബഫർ സോണുകളിൽ വ്യാപകമായ വെടിവയ്പുണ്ടായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആക്രമണം തടയുന്നതിനായി കൂടുതൽ ചെക്ക് പോസ്റ്റുകൾ സ്ഥാപി ച്ചിട്ടുണ്ട്.
ജിരിബാമിലെ ബൊറോബെക്ര, ജാകുദോർ മേഖലകളിൽ തിങ്കളാഴ്ച സിആർപിഎഫും കുക്കി ഗോത്രത്തിന്റെ അവാന്തരവിഭാഗമായ മാർ ഗോത്രത്തിലെ സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 11 ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടത്. ഒരു സിആർപിഎഫ് ജവാന്റെ നില അതീവഗുരുതരമായി തുടരുന്നു. മണിപ്പുരിൽ ഒറ്റദിവസം ഇത്രയും പേർ കൊല്ലപ്പെടുന്നത് ഈ വർഷം ആദ്യമാണ്. ഗ്രാമസംരക്ഷണ സേനയ്ക്കു നേരെ സിആർപിഎഫ് വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് കുക്കി-മാർ ഗോത്രങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഗോത്രമേഖലയിൽ ഹർത്താൽ നടത്തി. സിആർപിഎഫ് ജവാൻമാരെ ക്യാംപുകളിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകി.
ജിരിബാമിലെ ബൊറോബെക്ര പൊലീസ് സ്റ്റേഷനു നേരെ തിങ്കളാഴ്ച ഉച്ചയ്ക്കു മാർ ഗോത്രത്തിലെ സായുധ ഗ്രൂപ്പുകൾ ആക്രമണം നടത്തുകയും തുടർന്നു തൊട്ടടുത്ത ഗ്രാമത്തിലെ വീടുകൾക്കും കടകൾക്കും തീയിടുകയും ആയിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം. സിആർപിഎഫ് പോസ്റ്റിനു നേരെയും ആക്രമണമുണ്ടായി.
പൊലീസ് സ്റ്റേഷനു സമീപത്തുള്ള ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളായ ലെഷ്റാം ബാരേൽ സിങ് (63), മെയ്ബാം കെഷ്വോ സിങ് (71) എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാർ ഗോത്രത്തിൽപെട്ട സ്കൂൾ അധ്യാപികയെ കഴിഞ്ഞ വ്യാഴാഴ്ച ജിരിബാമിൽ ചുട്ടുകൊന്നതിനു ശേഷമാണു ജില്ലയിൽ വീണ്ടും സംഘർഷം വ്യാപിച്ചത്. ബിഷ്ണുപുരിൽ പാടത്തു ജോലി ചെയ്യുകയായിരുന്ന മെയ്തെയ് കർഷക വനിതയെ തൊട്ടുപിന്നാലെ വെടിവച്ചു കൊലപ്പെടുത്തി.