പുതിയ ആണവനിലയങ്ങൾ; തിരുനെൽവേലി അടക്കം 18 സ്ഥലങ്ങൾ സാധ്യതപ്പട്ടികയിൽ
Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ തിരുനെൽവേലി അടക്കം രാജ്യത്തെ 18 ഇടങ്ങളിൽ കൂടി പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച അവതരണം കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നടത്തി. ആണവ നിലയം സ്ഥാപിക്കാൻ ഒരു ഘട്ടത്തിൽ താൽപര്യം അറിയിച്ച കേരളം ഈ പട്ടികയിലില്ല. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്. ഗുജറാത്ത് (1), കർണാടക (3), ഒഡീഷ (4), തമിഴ്നാട് (3), ഛത്തീസ്ഗഡ് (4), ആന്ധ്രപ്രദേശ് (3) എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്റുകൾക്കുള്ള സാധ്യത കേന്ദ്രം കാണുന്നത്.
തമിഴ്നാട്ടിൽ അവുദെയപുറം (തിരുനെൽവേലി), നരിപ്പയൂർ (രാമനാഥപുരം), മാറക്കാനം (വില്ലുപുരം) എന്നിവിടങ്ങളിലാണ് നിലയം പരിഗണിക്കുന്നത്. 2070 ൽ നെറ്റ് സീറോ ബഹിർഗമനം ലക്ഷ്യമിടുന്ന ഇന്ത്യ ആ സമയം കൊണ്ട് 200 ഗിഗാവാട്ട് ആണവോർജ ഉൽപാദനം ഉറപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. വികസിത ഭാരതം സ്വപ്നം കാണുന്ന 2047 ൽ ഇതിന്റെ പകുതിയായ 100 ഗിഗാവാട്ടാണ് ലക്ഷ്യം. നിലവിൽ 8 ഗിഗാവാട്ട് മാത്രമാണ് ഇന്ത്യ ഉൽപാദിപ്പിക്കുന്നത്. 7.3 ഗിഗാവാട്ടിന്റെ നിർമാണം നടക്കുകയാണ്. 2029–30 ൽ 15.5 ഗിഗാ വാട്ടാണ് ലക്ഷ്യമിടുന്നത്.