മണിപ്പുർ: കൂടുതൽ മേഖലകളിലേക്ക് സൈനികാധികാര നിയമം
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
ഇംഫാൽ താഴ്‌വര ഉൾപ്പെടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശങ്ങളിലെ 19 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിലവിൽ അഫ്സ്പയില്ലായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജിരിബാമിനു പുറമേ ഇംഫാൽ വെസ്റ്റിലെ സെക്മായി, ലാംസാങ്, ഇംഫാൽ ഈസ്റ്റിലെ ലാംലായ്, ബിഷ്ണുപുരിലെ മൊയ്രാങ്, കാങ്പോക്പിയിലെ ലെയ്മകോങ് എന്നിവിടങ്ങളും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2016ൽ ആണു മണിപ്പുരിൽ അഫ്സ്പ പിൻവലിച്ചത്.