സമരമാണ് നരസയ്യയ്ക്കു മത്സരം; കോൺഗ്രസിനോട് കലഹിച്ച് സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ പോരാട്ടം
Mail This Article
ബീഡിത്തൊഴിലാളികളും നെയ്ത്തുതൊഴിലാളികളും കൂടുതലായുള്ള മണ്ഡലമാണ് സോലാപുർ സിറ്റി സെൻട്രൽ. അവിടെ സിപിഎമ്മിന്റെ സ്ഥാനാർഥിയാണ് മുൻ സംസ്ഥാന സെക്രട്ടറി നരസയ്യ ആദം. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി ഒരുപക്ഷേ ഇദ്ദേഹമായിരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും നരസയ്യ ആദത്തിനും ഒരേ പ്രായമാണ്– 79. ഇരുവരും കേന്ദ്രകമ്മിറ്റിയിലെ മുൻ സഹപ്രവർത്തകർ. മുഖ്യമന്ത്രിയായ പിണറായിക്കു പാർട്ടി നൽകിയ പ്രായപരിധി ഇളവ് 79–ാ വയസ്സിലെ മത്സരത്തിനു പാർട്ടി നരസയ്യ ആദത്തിനും നൽകിയിട്ടുണ്ട്. പിണറായിയെ പ്രചാരണത്തിനു ക്ഷണിച്ചെങ്കിലും അസൗകര്യം പറഞ്ഞ് എത്തിയില്ല.
1978 മുതൽ നരസയ്യ ആദം സോലാപുർ സൗത്തിലും സെൻട്രലിലുമായി മത്സരരംഗത്തുണ്ട്. 3 തവണ എംഎൽഎയായി. 2019 ൽ തോറ്റതു മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണിതി ഷിൻഡെയോടാണ്. ഇത്തവണ പ്രിണിതി ലോക്സഭയിലേക്കു ജയിച്ചപ്പോൾ, പകരം മഹാവികാസ് അഘാഡിയുടെ ഭാഗമായി നിയമസഭാ സീറ്റ് കിട്ടുമെന്നു നരസയ്യ ആദം പ്രതീക്ഷിച്ചു. അടുത്ത സുഹൃത്തായ ആദത്തിനു സീതാറാം യച്ചൂരി ഉറപ്പും നൽകിയിരുന്നു. പ്രിണിതിയുടെ വിജയത്തിനായി ആവുന്നത്ര അധ്വാനിച്ച തന്നെ യച്ചൂരിയുടെ മരണത്തിനുശേഷം കോൺഗ്രസ് ചതിച്ചെന്ന് അദ്ദേഹം കരുതുന്നു. ഇതോടെ സഖ്യം കണക്കിലെടുക്കാതെ മത്സരിക്കാൻ പാർട്ടി പൊളിറ്റ്ബ്യൂറോ അനുവാദം കൊടുത്തു. കോൺഗ്രസിനു വേണ്ടി ചേതൻ നരോട്ടെ മത്സരിക്കുന്നു. എൻഡിഎയിൽ ബിജെപിയാണു മത്സരരംഗത്ത്. പാൽഘറിലെ സിറ്റിങ് സീറ്റായ ഡഹാണുവും നാസിക്കിലെ കൽവണുമാണു മഹാവികാസ് അഘാഡി സിപിഎമ്മിനു നൽകിയത്.
പെയിന്റ് പണി ചെയ്തും പടക്കമുണ്ടാക്കി വിറ്റും വഴിയിലിരുന്നു പച്ചക്കറി വിറ്റുമാണ് ആദം തൊഴിലാളിയും പിന്നെ തൊഴിലാളി നേതാവുമായത്. സോലാപുരിൽ പാർട്ടിയുണ്ടാക്കിയതു തന്റെ വീട്ടിലാണെന്ന് അവകാശപ്പെടുന്ന നരസയ്യ ആദം വീടിന്റെ ചുമരിൽ തന്നെ ‘അരിവാൾ ചുറ്റിക നക്ഷത്രം’ വരച്ചുവച്ചിട്ടുണ്ട്. തൊഴിലാളികൾക്കു വേണ്ടി സംസാരിക്കുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. സോലാപുരിലെ ബീഡിത്തൊഴിലാളികൾക്കു 30,000 വീടു വച്ചു നൽകുന്ന ഭവനപദ്ധതിക്കു 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടപ്പോൾ, അതുവരെ പദ്ധതി തടസ്സപ്പെടുത്തിയ കോൺഗ്രസ് സർക്കാരിനെ വിമർശിച്ചും മോദിയെ അഭിനന്ദിച്ചും നരസയ്യ ആദം നടത്തിയ പ്രസംഗം വിവാദമായി. ബിജെപി നേതാവിനെ വീട്ടിൽ സ്വീകരിച്ച കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനോടു പാർട്ടി സ്വീകരിച്ച സമീപനമല്ല അന്നു നരസയ്യ ആദത്തോടു കാണിച്ചത്. പാർട്ടി സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിൽനിന്നു 3 മാസം സസ്പെൻഡ് ചെയ്തു.