ADVERTISEMENT

മുംബൈ ഭീകരാക്രമണ ദിവസം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 3 തവണ സ്യൂട്ട് മാറിയെന്ന വിവാദമുണ്ടായിരുന്നു. എപ്പോഴും നല്ല വസ്ത്രം ധരിച്ചുനടക്കണമെന്നു നിർബന്ധമുള്ള ശിവരാജ് പാട്ടീൽ അന്നു മാത്രമല്ല, ഇന്നു വെറുതേ വീട്ടിൽ ഇരിക്കുമ്പോഴും ദിവസം മൂന്നോ, നാലോ തവണ വസ്ത്രം മാറും. നല്ല വസ്ത്രവും പരന്ന വായനയും 90–ാം വയസ്സിലും അദ്ദേഹത്തിനു നിർബന്ധമാണ്.

ലാത്തൂർ സിറ്റിയിൽ ആദർശ് കോളനിയിലെ വീട്ടിൽ ശിവരാജ് പാട്ടീലിനെ കാണുമ്പോൾ ബ്രൗൺ സഫാരി സ്യൂട്ടായിരുന്നു വേഷം. 20 വർഷമായി പാട്ടീലിനു സ്യൂട്ട് തയ്ക്കുന്നതു തൃശൂരുകാരൻ ജോയ് പൗലോസ് പൈനാടത്തിന്റെ ജോയ്സ് ഫാഷൻസിലാണ്. ഇന്ദിരാഗാന്ധിയുടെ സർക്കാരിൽ മുതൽ കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറും പഞ്ചാബ് ഗവർണറുമായിരുന്ന പാട്ടീൽ ഒരിക്കലും ചേരാത്ത വേഷം അണിഞ്ഞിട്ടില്ല.

അർച്ചന പാട്ടീൽ, അമിത് ദേശ്മുഖ്
അർച്ചന പാട്ടീൽ, അമിത് ദേശ്മുഖ്

എന്നാൽ, അടിമുടി കോൺഗ്രസുകാരനായ പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ഇപ്പോൾ പുതിയ വേഷത്തിലാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപിയിൽ ചേർന്ന അവർ, ലാത്തൂർ സിറ്റി സീറ്റിൽ മുൻ മുഖ്യമന്ത്രി അന്തരിച്ച വിലാസ് റാവു ദേശ്മുഖിന്റെ മകൻ അമിത് ദേശ്മുഖിനെതിരെ മത്സരിക്കുന്നു. നാലാമത്തെ മത്സരമാണു മുൻമന്ത്രി കൂടിയായ അമിത്തിന്റേത്. തൊട്ടടുത്ത ലാത്തൂർ റൂറലിൽ ഇളയ സഹോദരനും സിറ്റിങ് എംഎൽഎയുമായ ധീരജ് ദേശ്മുഖാണു സ്ഥാനാർഥി. ലാത്തൂരിലെ ഈ കുടുംബാധിപത്യമാണു തന്നെ ബിജെപി സ്ഥാനാർഥിയാകാൻ നിർബന്ധിതയാക്കിയതെന്നാണ് അർച്ചനയുടെ പക്ഷം.

ഉന്നത നേതാക്കളുടെ മരുമക്കൾ ബിജെപിക്കു വേണ്ടി കോൺഗ്രസിനെതിരെ മത്സരിക്കുന്നതു ലാത്തൂരിൽ ആദ്യമല്ല. തുടർച്ചയായി കാൽ നൂറ്റാണ്ട് ശിവരാജ് പാട്ടീലിനെ വിജയിപ്പിച്ച ലാത്തൂർ ലോക്സഭാ സീറ്റിൽ 2004 ൽ അദ്ദേഹത്തെ അട്ടിമറിച്ചതും ഒരു മരുമകളാണ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവാജി റാവു പാട്ടീൽ നിലങ്കേക്കറുടെ മരുമകൾ രൂപ പാട്ടീൽ നിലങ്കേക്കർ. അതോടെ തിരഞ്ഞെടുപ്പു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവന്നു ശിവരാജ് പാട്ടീലിന്. പിന്നീട് പാർലമെന്റിൽ എത്തിയതു രാജ്യസഭ വഴിയാണ്. 20 വർഷത്തിനുശേഷം ശിവരാജ് പാട്ടീലിന്റെ മരുമകൾ തന്നെ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നുവെന്ന കൗതുകമുണ്ട്. ഭർത്താവും ബിസിനസുകാരനുമായ സൈലേഷ് പാട്ടീൽ അർച്ചനയ്ക്കു പൂർണ പിന്തുണ നൽകുന്നു. മെഡിക്കൽ ബിരുദം നേടിയ അർച്ചന സ്ഥിരതാമസം ഡൽഹിയിലാണെങ്കിലും കർണാടക അതിർത്തിയിലെ ഉദ്ഗിറിലുള്ള ആശുപത്രി ഉൾപ്പെടെ പല ബിസിനസ് സംരംഭങ്ങളുടെയും തലപ്പത്തുണ്ട്.

സ്കൂളും കോളജും ആശുപത്രിയും പഞ്ചസാര ഫാക്ടറികളുമടക്കം ലാത്തൂരിൽ വലിയൊരു ബിസിനസ് സാമ്രാജ്യമുണ്ട് ദേശ്മുഖ് കുടുംബത്തിന്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖാണ് അമിത്തിന്റെ രണ്ടാമത്തെ സഹോദരൻ. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ റാലികളിൽ റിതേഷും പങ്കെടുക്കുന്നുണ്ട്. 3 സഹോദരങ്ങളുടെയും ഭാര്യമാരും സിനിമാ മേഖലയിൽനിന്നാണ്. അമിത്തിന്റെ ഭാര്യ അദിതിയും റിതേഷിന്റെ ഭാര്യ ജനീലിയ ഡിസൂസയും അഭിനേതാക്കളെങ്കിൽ, ധീരജിന്റെ ഭാര്യ ദീപ്ശിഖ നിർമാതാവാണ്.

ശിവരാജ് പാട്ടീൽ മനോരമയോട്:

Q മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും?

A 11 തിരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചിട്ടുണ്ട്. അതിലൊന്നിലും എന്റെ തിരഞ്ഞെടുപ്പുഫലം ഞാൻ പ്രവചിച്ചിട്ടില്ല. പിന്നെങ്ങനെ ഇപ്പോൾ പറയും.

Q കോൺഗ്രസ് രാജ്യത്തു തിരിച്ചുവരവിന്റെ പാതയിലാണോ?

A ആവശ്യത്തിനു പണമുണ്ടായിരുന്നെങ്കിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യാസഖ്യവും ഭരണം പിടിക്കുമായിരുന്നു. കോൺഗ്രസിനു പ്രത്യയശാസ്ത്രമുണ്ട്, പണമില്ല. ബിജെപിക്കു പണമുണ്ട്, പ്രത്യയശാസ്ത്രമില്ല.

Q ‘പ്രത്യയശാസ്ത്രമില്ലാത്ത ബിജെപി’യിൽ ചേർന്നാണല്ലോ മരുമകൾ മത്സരിക്കുന്നത്?

A ബിജെപിക്കു വേണ്ടി മത്സരിക്കുന്നുവെന്നും സഹായിക്കണമെന്നും എന്നോടു പറഞ്ഞു. മത്സരിക്കണമെന്നോ, വേണ്ടെന്നോ ഞാൻ പറഞ്ഞില്ല. അർച്ചന രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നു. എന്നാൽ, സാമ്പത്തികമായി ബിജെപി ശക്തമാവുകയും കോൺഗ്രസ് ദുർബലമാവുകയും ചെയ്തതുകൊണ്ടാണു ബിജെപിയിൽ ചേർന്നതെന്നാണു ഞാൻ കരുതുന്നത്.

English Summary:

Youth competes in Latur in Maharashtra Assembly Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com