ADVERTISEMENT

മുംബൈ ∙ ഭരണപക്ഷമായ മഹായുതിയും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയും നേർക്കുനേർ മത്സരിക്കുന്ന മഹാരാഷ്ട്രയിൽ വോട്ടു പിളർത്താൻ മറ്റു ചിലരും രംഗത്തുണ്ട്. ഡോ. ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും (വിബിഎ) അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പിടിക്കുന്ന വോട്ടുകൾ ഏതു മുന്നണിയെ തളർത്തുമെന്നതു പ്രവചനാതീതം.

മറാഠകൾക്ക് ഒബിസി സംവരണമെന്ന ആവശ്യത്തെ എതിർക്കുന്ന വിബിഎക്കൊപ്പം ഒബിസി മഹാസംഘ്, ഏകലവ്യ ആദിവാസ് ഓർഗനൈസേഷൻ തുടങ്ങിയ ചെറുസംഘടനകളുണ്ട്. വിദർഭ മേഖലയിലും മുംബൈയിലെ ചില കേന്ദ്രങ്ങളിലും സ്വാധീനമുള്ള വിബിഎ 199 സീറ്റുകളിൽ മത്സരിക്കുന്നു. ഒരുതവണ രാജ്യസഭാംഗവും വിദർഭയിലെ അകോളയിൽനിന്നു 2 തവണ ലോക്സഭാംഗവുമായ പ്രകാശ് അംബേദ്കറാണ് അവരുടെ പ്രധാന മുഖം. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹം പ്രചാരണത്തിൽ സജീവമല്ല.

വിബിഎയും മുസ്‌ലിം വോട്ടുബാങ്കിൽ സ്വാധീനമുള്ള എഐഎംഐഎമ്മും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചാണു മത്സരിച്ചതെങ്കിൽ ഇപ്പോൾ വെവ്വേറെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിബിഎക്ക് 6.92% വോട്ട് കിട്ടിയെങ്കിലും സീറ്റൊന്നും നേടാനായില്ല.

ഇക്കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 2.77 ശതമാനമായി കുറയുകയും ചെയ്തു. ഉവൈസിക്കു രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് ആരോപിക്കുന്ന പ്രകാശ് അംബേദ്കർ, മുസ്‌ലിം വോട്ട് നേടാൻ ആ വിഭാഗത്തിൽനിന്നുള്ള ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ സഖ്യം ആവശ്യമില്ലെന്ന നിലപാടിലാണ്.

സ്വാധീനമുണ്ടെന്നു കരുതുന്ന 16 സീറ്റിൽ മാത്രമാണ് ഉവൈസിയുടെ പാർട്ടി മത്സരിക്കുന്നത്. 44 സീറ്റിൽ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാലെഗാവ് സെൻട്രലിലും ധുലെയിലും ജയിക്കാനായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഏക സീറ്റായ ഔറംഗാബാദ് ഇത്തവണ നഷ്ടപ്പെട്ടതിന്റെ ക്ഷീണമുണ്ട്.

മഹായുതിയുടെ ‘ബി ടീം’ എന്ന ആരോപണം ഇരുപാർട്ടികളും നേരിടുന്നു. ഇവർ ദലിത്, മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന ആശങ്ക മഹാവികാസ് അഘാഡിക്കുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ദലിത്, മുസ്‌ലിം വിഭാഗങ്ങൾ ഏതാണ്ടു പൂർണമായി ഒപ്പംനിന്നതിന്റെ ആത്മവിശ്വാസം ചെറുതല്ല.

മറാഠാ സംവരണത്തിനായി പ്രക്ഷോഭരംഗത്തുള്ള മനോജ് ജരാങ്കെ പാട്ടീൽ ചില സ്ഥാനാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടു നിലപാടു മാറ്റിയതും ആശ്വാസമായി. ആർക്കു വോട്ട് ചെയ്യണമെന്നു നിർദേശിക്കില്ലെന്നും രാഷ്ട്രീയക്കാരിൽ വിശ്വാസമില്ലെന്നുമാണ് ഇപ്പോഴത്തെ നിലപാട്.

English Summary:

VBA and AIMIM to be crucial in Maharashtra assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com