ADVERTISEMENT

ആലപ്പുഴ∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചൈ തുടങ്ങിയവരുടെ പേരിലും വ്യാജ എഐ ഡീപ് ഫെയ്ക് വിഡിയോകൾ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നു. തട്ടിപ്പു നിക്ഷേപ പദ്ധതികളെ ഇവർ പിന്തുണയ്ക്കുന്നതായാണ് വിഡിയോ. മാത്രമല്ല, ഇവയിൽ പണം നിക്ഷേപിക്കാനും നിർദേശിക്കുന്നുണ്ട്. വിഡിയോയുടെ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്ത് 21,000 രൂപ അടച്ചാൽ ഒരു മാസം കൊണ്ട് ഒന്നരലക്ഷം രൂപയോ അതിനു മുകളിലുള്ള തുകയോ തിരികെ ലഭിക്കുമെന്നാണു വിഡിയോയിൽ പറയുന്നത്. 

വിഡിയോ കണ്ട് ഒട്ടേറെ പേർ പണം ഇതിൽ നിക്ഷേപിച്ചതായാണ് വിവരം. തന്റെ ഫെയ്സ്ബുക് ടൈംലൈനിൽ നിരന്തരം ഇത്തരം വിഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ ആലപ്പുഴ സ്വദേശി സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഡിയോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വിഡിയോയുടെ ഉറവിടവും ആധികാരികതയും കണ്ടെത്തുന്നതിനായി സൈബർ സെല്ലിന് കൈമാറുമെന്ന് സൗത്ത് ഇൻസ്പെക്ടർ കെ.ശ്രീജിത്ത് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമമായ വിഡിയോകളാണ് ഡീപ് ഫെയ്ക്. ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച് അയാളുടെ മുഖത്തെ പേശീചലനങ്ങൾ പോലും പഠിച്ച്, സംസാരിക്കുന്ന രീതിയിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ഡീപ് ഫെയ്ക്കിൽ ചെയ്യുന്നത്. 

English Summary:

Fraudulent Investment Scam Attempted Through Fake Deepfake Video of Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com