പ്രധാനമന്ത്രി ആവാസ് യോജന; ഇനി പാർക്കാൻ ഇഷ്ടവീട്, നൂറിലേറെ മാതൃകകളിൽനിന്ന് തിരഞ്ഞെടുക്കാം
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ–ഗ്രാമീൺ) പദ്ധതിയിലൂടെ അനുവദിക്കുന്ന വീടുകളുടെ രൂപകൽപന തിരഞ്ഞെടുക്കാൻ ഇനി ഉപഭോക്താവിനും അവസരം. സർക്കാർ നിർദേശിക്കുന്ന സ്ഥിരം ശൈലിക്ക് പകരം സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ നൂറിലേറെ പ്ലാനുകളിൽനിന്ന് ഉപഭോക്താവിന് ഇഷ്ടമാതൃക തിരഞ്ഞെടുക്കാമെന്നു കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അറിയിച്ചു.
പിഎംഎവൈ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താവിനു നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിനു മൊബൈൽ ആപ് ‘ആവാസ് പ്ലസ്–2024’ മന്ത്രാലയം പുറത്തിറക്കിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടനിലയില്ലാതെ അപേക്ഷിക്കാം. പക്ഷപാതമോ മുൻവിധിയോ കാരണം ഒരു കുടുംബവും പദ്ധതിയിൽനിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം സ്വപ്ന ഭവനം സ്വന്തം അഭിരുചിക്കൊപ്പം നിർമിക്കാനും ആപ് അവസരമൊരുക്കുന്നു. 2016 ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യമായാണ് ഇത്തരമൊരു മാറ്റം.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാറും ഉൾപ്പെടുത്തിയുള്ള റജിസ്ട്രേഷൻ വഴി അനർഹരിലേക്കു പദ്ധതി എത്തുന്നത് ഒഴിവാക്കാനാകും. റേഷൻ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള കുടുംബനാഥന്റെയോ നാഥയുടേയോ മൊബൈൽ നമ്പറിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു നമ്പറിലൂടെ ഒരു അപേക്ഷയേ സമർപ്പിക്കാനാകൂ. നടപടി ഈമാസം 30നു മുൻപ് പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. 2 കോടി വീടുകളാണ് പിഎംഎവൈ-ജി പദ്ധതിയിൽ കേന്ദ്രം നിർമിക്കുന്നത്.
കേരളത്തിൽ ലൈഫിനൊപ്പം
പിഎംഎവൈയുടെ അവസാന സർവേ നടന്നത് 2018 ലാണ്. അന്നത്തെ അപേക്ഷകർക്ക് മുഴുവൻ വീടുകൾ ലഭ്യമാക്കിയശേഷമാകും പുതിയ അപേക്ഷ പരിഗണിക്കുക. കേരളത്തിൽ 1,97,000 അപേക്ഷകളാണ് ഈ ഘട്ടത്തിൽ തീർപ്പാക്കുക. 250 ചതുരശ്ര അടി വിസ്തീർണമുള്ള വീടു നിർമിക്കാൻ 1.20 ലക്ഷമെന്നാണു കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ്. അതിൽ 72,000 രൂപ മാത്രമാണ് കേന്ദ്രം നൽകുക.
കേരളത്തിൽ ലൈഫ് പദ്ധതിയുമായി ചേർന്നാണ് പിഎംഎവൈ നടപ്പാക്കുന്നത്. 750 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്കു 4 ലക്ഷം രൂപയും പട്ടികവർഗ വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. കേന്ദ്ര വിഹിതത്തിന്റെ ബാക്കി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമാണ് കണ്ടെത്തേണ്ടത്. പല ഗുണഭോക്താക്കൾക്കും ഭൂമി ഇല്ലാത്തതിനാൽ ഇതും കേരളം കണ്ടെത്തണം.