ജിസാറ്റ്–20 ഭ്രമണപഥത്തിൽ; ഡേറ്റ ലഭിച്ചുതുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ഇലോൺ മസ്കിന്റെ റോക്കറ്റിലേറി ബഹിരാകാശത്തെത്തിയ ജിസാറ്റ്–എൻ2 (ജിസാറ്റ്–20) ഉപഗ്രഹവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു. കർണാടക ഹാസനിൽ ഐഎസ്ആർഒയുടെ മാസ്റ്റർ കൺട്രോൾ ഫസിലിറ്റിയാണ് ഡേറ്റ സ്വീകരിച്ചു തുടങ്ങിയത്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എൻഎസ്ഐഎൽ) ആവശ്യാധിഷ്ഠിത ഉപഗ്രഹമായ ജിസാറ്റ്–20 തിങ്കളാഴ്ച അർധരാത്രി 12.01 ന് യുഎസിൽ ഫ്ലോറിഡയിലെ കേപ് കനാവറിൽ നിന്നാണ് ഭ്രമണപഥത്തിലെത്തിയത്. ഭൂമിയോട് അടുത്ത് (പെരിജി) 250 കിലോമീറ്ററും അകലെ (അപ്പോജി) 59,730 കിലോമീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലെ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്കാണ് (ജിടിഒ) ജിസാറ്റ്–20 റോക്കറ്റിൽ നിന്നു വേർപെട്ടത്. വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തി ജിടിഒയിൽ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം എത്തും.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങൾ പരിമിതമായ ഇന്ത്യൻ പ്രദേശങ്ങളിലും ഇന്ത്യൻ പരിധിയിലെ ആകാശ, സമുദ്ര പ്രദേശങ്ങളിലും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വരെ വേഗമുള്ള ഇന്റർനെറ്റ് ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ ലഭ്യമാകും. പറക്കുന്ന വിമാനത്തിലും ഇന്റർനെറ്റ് ഉപയോഗിക്കാമെന്നതാണു പ്രധാന പ്രത്യേകത.