ADVERTISEMENT

ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ അനുവദിക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതിനെപ്പറ്റി പ്രതികരിക്കാതെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ). 

രണ്ടു കാരണങ്ങളാണ് നടപടികൾ നിർത്തിവയ്ക്കാനുള്ള നിർദേശത്തിന്റെ പിറകിലെന്നു സംശയിക്കുന്നു. ഉയർന്ന പെൻഷൻ കണക്കുകൂട്ടാനുള്ള പുതിയ സോഫ്റ്റ്‌വെയർ അടുത്തു തന്നെ തയാറാകുമെന്നതാണു പ്രധാന കാരണമായി പറയുന്നത്. ഇപ്പോൾ പൂർണമായും കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയല്ല കണക്കുകൂട്ടൽ. സങ്കീർണമായ ആനുപാതിക വ്യവസ്ഥ (പ്രോ–റേറ്റ) അടക്കമുള്ള വ്യവസ്ഥകൾ വച്ച്, ഉദ്യോഗസ്ഥർ തന്നെ കണക്കു കൂട്ടുകയാണ്. 

  സോഫ്റ്റ്‌വെയർ വന്നാൽ, ജോലി എളുപ്പമാകും. ഇതോടെ, തൽക്കാലം അപേക്ഷകളുടെ പരിശോധന മാത്രം മതിയെന്നാണു തീരുമാനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന പെൻഷൻ അപേക്ഷകളിൽ ശമ്പളം അടക്കമുള്ള വിശദാംശങ്ങളുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണു വിവരം. ഇപിഎഫ്ഒ ഉദ്യോഗസ്ഥർ അതതു സ്ഥാപനങ്ങളിലെത്തിയാണ് ഈ പരിശോധന നടത്തുന്നത്. 

ഉയർന്ന സാമ്പത്തിക ബാധ്യത വരുമെന്നു വ്യക്തമായതോടെയാണു നടപടികൾ നിർത്തിവച്ചതെന്നും സൂചനയുണ്ട്. ബെംഗളൂരു സോണൽ ഓഫിസ്, കർണാടകയിലെ റീജനൽ ഓഫിസുകൾക്ക് ഇമെയിലിൽ നൽകിയ നിർദേശം മാത്രമാണു രേഖാമൂലമുള്ളത്. കേരളമടക്കം മറ്റു സംസ്ഥാനങ്ങളിലെല്ലാം വാക്കാൽ നിർദേശമാണു ലഭിച്ചിരിക്കുന്നത്. ബെംഗളൂരു സോണൽ ഓഫിസിന്റെ ഇമെയിലിലും പക്ഷേ, നിർത്തിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് പിഎഫ് ആസ്ഥാനത്തുനിന്നു നിർദേശമുണ്ടെന്നു ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു വൻതോതിൽ അപേക്ഷകൾ ലഭിച്ചിരുന്നു.

English Summary:

Higher PF pension: Reason for allowance halt unclear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com