വ്ലാഡിമിർ പുട്ടിനും ഡോണൾഡ് ട്രംപും ഇന്ത്യ സന്ദർശിക്കും
Mail This Article
ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വൈകാതെ ഇന്ത്യ സന്ദർശിക്കും. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ദിമെത്രി പെസ്കോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തീയതി സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകും. അടുത്തവർഷമാകും യാത്രയെന്നും ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കുമെന്നുമാണു വിവരം.
‘യാത്രയുടെ തീയതി ഉൾപ്പെടെ ചർച്ച ചെയ്തു തീരുമാനിക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2 തവണ റഷ്യ സന്ദർശിച്ചു. ഇനി റഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കേണ്ട ഘട്ടമാണ്’ സ്പുട്നിക് ഇന്ത്യയുടെ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത് അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപും അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നാണു വിവരം. യുഎസ് കൂടി ഭാഗമായ ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുക. ഇതിൽ പങ്കെടുക്കാനായി ട്രംപ് എത്തിയേക്കും.