ജെപിസി റിപ്പോർട്ടിന്റെ കരടായി; വഖഫ് ബിൽ ഈ സമ്മേളനത്തിൽ തന്നെ
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്ന് പുതിയ വഖഫ് ബിൽ 25നു തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വഖഫ് ബിൽ ഉൾപ്പെടെ 15 ബില്ലുകൾ അവതരിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലുള്ള ബില്ലിൽ ശൈത്യകാല സമ്മേളനത്തിലെ ആദ്യ ആഴ്ചയുടെ അവസാന ദിവസം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന ജെപിസിയുടെ അവസാന യോഗത്തിൽ ഈ തീയതി മാറ്റണമെന്നും ബില്ല് പഠിക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു നിരാകരിക്കപ്പെട്ടതോടെ, സമയപരിധി നീട്ടണമെന്ന ആവശ്യവുമായി ലോക്സഭാ സ്പീക്കറെ കാണുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ഇന്നലെ ജെപിസിയുടെ അവസാന യോഗമാണിതെന്ന് പ്രഖ്യാപിച്ച അധ്യക്ഷൻ ജഗദംബിക പാൽ, റിപ്പോർട്ടിന്റെ കരടുരൂപം തയാറാണെന്നും അംഗങ്ങളുടെ പരിശോധനയ്ക്കായി കൈമാറുമെന്നും വ്യക്തമാക്കി. സർക്കാർ കൊണ്ടുവരുന്ന ഭേദഗതികളിലെ വിശദീകരണം ന്യൂനപക്ഷ മന്ത്രാലയം സമിതിക്കു നൽകി. കഴിഞ്ഞ സമ്മേളനത്തിലാണ് പ്രതിപക്ഷ എതിർപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ബിൽ ജെപിസിയുടെ പരിഗണനയ്ക്കു വിട്ടത്. 25 സിറ്റിങ് നടത്തിയെങ്കിലും ബിൽ പൂർണമായി ഒഴിവാക്കണമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. പല സംസ്ഥാനങ്ങളിലും സമിതി തെളിവെടുപ്പു നടത്തി.
കേരളത്തിൽ നിന്നോ മുസ്‌ലിം ലീഗിൽ നിന്നോ ജെപിസിയിൽ അംഗങ്ങളില്ലാത്തതു വിവാദമായിരുന്നു. എന്നാൽ, മുസ്‍ലിം ലീഗ് എംപിമാരും സമിതിക്കു മുൻപാകെ ഹാജരായി എതിർപ്പറിയിച്ചു. ബില്ലിനെക്കുറിച്ച് 95.86 ലക്ഷം അഭിപ്രായങ്ങൾ സമിതിക്കു മുൻപാകെ എത്തി. വഖഫ് ബില്ലിനു പുറമേ, കോ ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റി ബിൽ, മർച്ചന്റ് ഷിപ്പിങ് ബിൽ, കോസ്റ്റൽ ഷിപ്പിങ് ബിൽ, ഇന്ത്യൻ പോർട്സ് ബിൽ തുടങ്ങിയവയാണ് ശൈത്യകാല സമ്മേളനത്തിന്റെ പരിഗണനയ്ക്കായി വച്ചിരിക്കുന്നത്.