യുപി ഉപതിരഞ്ഞെടുപ്പ് അക്രമം: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കേസ്
Mail This Article
ന്യൂഡൽഹി ∙ യുപിയിൽ ഉപതിരഞ്ഞെടുപ്പു നടന്ന നിയമസഭാ മണ്ഡലമായ കർഹലിൽ ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. 23 വയസ്സുള്ള യുവതിയുടെ മൃതദേഹം ഇന്നലെ രാവിലെയാണു കഞ്ജാര നദിയുടെ തീരത്ത്, ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. യുവതിയെ 2 പേർ ചേർന്ന് ചൊവ്വാഴ്ച രാത്രിയിൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയതായി പൊലീസ് അറിയിച്ചു. കേസിൽ, പ്രശാന്ത് യാദവ് (40), മോഹൻ കതാരിയ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
രാഷ്ട്രീയവൈരമാണു കൊലപാതകത്തിനു പിന്നിലെന്നും യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ബിജെപിക്കു വോട്ടു ചെയ്യുമെന്നു യുവതി തുറന്നു പറഞ്ഞതു പ്രശാന്ത് യാദവിനെ പ്രകോപിപ്പിച്ചിരുന്നുവെന്നും സമാജ്‌വാദി പാർട്ടിക്കു വോട്ടു ചെയ്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അവർ ആരോപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്, കർഹലിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അഖിലേഷ് യാദവിന്റെ മരുമകനായ തേജ് പ്രതാപ് യാദവാണ് ഇവിടെ എസ്പി സ്ഥാനാർഥി. യുപിയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ് നടന്നത്.
ജാർഖണ്ഡിൽ 57 കുഷ്ഠരോഗികൾക്ക് ആദ്യവോട്ട്
റാഞ്ചി ∙ കുഷ്ഠരോഗം ബാധിച്ച 57 പേർ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുചെയ്തു. 31 പുരുഷൻമാരും 26 സ്ത്രീകളുമാണ് ജംതാര ജില്ലാ ഭരണകൂടം മിഹിജമിൽ ഒരുക്കിയ പ്രത്യേക ബൂത്തിൽ വോട്ടു ചെയ്തത്.