ബഹിരാകാശത്ത് ‘വിത്ത് മുളപ്പിക്കാൻ’ ഐഎസ്ആർഒ; ദൗത്യം അടുത്തമാസം
Mail This Article
തിരുവനന്തപുരം ∙ ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളിൽ പയർവിത്ത് മുളപ്പിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. അടുത്തമാസം പിഎസ്എൽവി–സി60 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾക്കൊപ്പം മറ്റൊരു പേടകത്തിലാകും ഇതു കൊണ്ടുപോകുക. ഡിസംബർ 20നോ 21നോ ശ്രീഹരിക്കോട്ടയിൽനിന്നാകും വിക്ഷേപണം.
സ്പാഡെക്സ് ദൗത്യത്തിനു ശേഷം ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാംഘട്ടത്തെ താൽക്കാലിക ചെറു ഉപഗ്രഹമായി നിലനിർത്തും. ഇതിനുള്ളിൽ 25 പഠനോപകരണങ്ങളുണ്ടാകും. ഇതോടൊപ്പം, ഭൂമിയിലെ അന്തരീക്ഷമൊരുക്കിയ ചെറിയ കാബിനിലാകും പയർവിത്ത് സൂക്ഷിക്കുക. ആവശ്യമായ അളവിൽ കാർബൺഡൈഓക്സൈഡും ഇതിലുണ്ടാകും. നിരീക്ഷിക്കാൻ ക്യാമറയും സ്ഥാപിക്കും. നിശ്ചിത സമയത്തിനുള്ളിൽ പയർവിത്ത് മുളപൊട്ടിയാൽ ഐഎസ്ആർഒയുടെ ചരിത്രത്തിൽ പുതിയ വിജയകഥ പിറക്കും. ദിവസങ്ങൾക്കുള്ളിൽ കാർബൺഡൈഓക്സൈഡ് തീരുന്നതോടെ മുളയും നശിക്കും.
ബഹിരാകാശ മാലിന്യങ്ങൾ പിടികൂടാനുള്ള ശേഷി പരീക്ഷിക്കാൻ ഒരു റോബട്ടിക് കയ്യും ദൗത്യത്തിലുണ്ടാകും. ചെറു ഉപഗ്രഹത്തെ പുറത്തേക്കു വിട്ടശേഷം റോബട്ടിക് കൈ കൊണ്ട് പിടിച്ചെടുക്കാൻ കഴിയുമോ എന്നാകും പരീക്ഷിക്കുക.