ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡിൽ ഗ്രാമീണ മേഖലകളിൽ പോളിങ് ഉയർന്നതിൽ പ്രതീക്ഷയർപ്പിച്ച് ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം. 2019 ലെ 65.18 ശതമാനത്തിൽ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയർന്നത്. രണ്ടു ഘട്ടങ്ങളിലും പോളിങ് ഉയർന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്. നഗരമേഖലകളിൽ ബിജെപിക്കും ഗ്രാമീണ മേഖലകളിൽ ജെഎംഎമ്മിനുമാണു സ്വാധീനമെന്നതാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നൽകുന്നത്. നാളെയാണു വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ 66.65%, രണ്ടാംഘട്ടത്തിൽ 68.45% എന്നിങ്ങനെയാണു പോളിങ്. 

2019 ൽ 5000 ൽ താഴെ വോട്ട് ഭൂരിപക്ഷം മാത്രമുള്ള 9 മണ്ഡലങ്ങളുണ്ട് ജാർഖണ്ഡിൽ. ഇതിൽ 5 എണ്ണം ബിജെപിയും 2 വീതം കോൺഗ്രസ്, ജെഎംഎം എന്നിവയും ജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഈ 9 മണ്ഡലങ്ങളിൽ എട്ടിടത്തും ബിജെപി മുന്നണിക്കായിരുന്നു മുൻതൂക്കം. ഒരിടത്തു കോൺഗ്രസിനും. 

2 ശതമാനത്തിലധികം വോട്ട് ഉയർന്നത് ഈ മണ്ഡലങ്ങളിൽ നിർണായകമായേക്കും. ജെഎംഎമ്മിനു ശുഭപ്രതീക്ഷ വർധിക്കുമ്പോൾ, ഇന്ത്യാമുന്നണിയുടെ ആശങ്ക മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെ കേന്ദ്രീകരിച്ചാണ്. അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിലെ നേരിയ മുൻതൂക്കം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) ബിജെപിയിൽ ലയിച്ചതും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സഖ്യവുമാണ് എൻഡിഎയുടെ ആത്മവിശ്വാസത്തിന്റെ അ‌ടിസ്ഥാനം.

English Summary:

JMM-led Alliance Optimistic as Voter Turnout Rises in Rural Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com