അടിച്ചമർത്തൽ നീക്കം പ്രതിഷേധാർഹം: കുക്കി എംഎൽഎമാർ; എൻഡിഎയിലെ എംഎൽഎമാർക്കിടയിൽ ഭിന്നത
Mail This Article
കുക്കി സായുധഗ്രൂപ്പുകളെ അടിച്ചമർത്തണമെന്ന എൻഡിഎ എംഎൽഎമാരുടെ യോഗ തീരുമാനത്തിനെതിരെ ബിജെപിക്കുള്ളിൽ തന്നെ പ്രതിഷേധം. 7 ബിജെപി എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നത് അനീതിയാണെന്നും ഭീകരഗ്രൂപ്പുകൾക്കെതിരേ സംസ്ഥാന വ്യാപകമായ നടപടി വേണമെന്നും അനധികൃത ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
ഇംഫാൽ താഴ്വരയിലേതുൾപ്പെടെ 6 പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നീട്ടിയത് പിൻവലിക്കണമെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ എംഎൽഎമാരുടെ യോഗതീരുമാനത്തെയും കുക്കി എംഎൽഎമാർ വിമർശിച്ചു. ഇംഫാൽ താഴ് വരയിലെ 13 പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടി അഫ്സ്പ നീട്ടണമെന്നും പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു നഷ്ടപ്പെട്ട ആറായിരത്തോളം യന്ത്രത്തോക്കുകളും മറ്റും പിടിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജിരിബാമിൽ ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ട സംഭവം മാത്രമല്ല, മണിപ്പുർ കലാപത്തിലെ എല്ലാ കൊലപാതകങ്ങളെക്കുറിച്ചും എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
അതിനിടെ, ജിരിബാമിൽ 6 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം തുടരുകയാണ്. ഇംഫാൽ താഴ്വരയിൽ അഫ്സ്പ നീട്ടിയതിനെതിരേയും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ഇംഫാൽ താഴ്വര ഉൾപ്പെടെ വിവിധ ജില്ലകളിൽ കർഫ്യു തുടരുകയാണ്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ച ജനക്കൂട്ടം വൻ കൊള്ള നടത്തിയതായി പരാതിയുണ്ട്. 18 ലക്ഷം രൂപയും ഒന്നര കോടിയുടെ ആഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടതായി ജനതാദൾ(യു) എംഎൽഎ ജെയ്കിഷന്റെ അമ്മ പൊലീസിൽ പരാതി നൽകി. മലയോര ജില്ലകളിൽ വൈദ്യസഹായം എത്തിക്കുന്നതിനായി കേന്ദ്രസർക്കാർ 104.66 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.