സ്വന്തം പദ്ധതി ഉപേക്ഷിച്ച് അദാനി വൈദ്യുതി വാങ്ങി; ആരോപണമുന ജഗനു നേരെ
Mail This Article
ന്യൂഡൽഹി ∙ 2021ൽ സംസ്ഥാനത്തിന്റെ സ്വന്തം സൗരോർജ പദ്ധതി ഉപേക്ഷിച്ചാണ് ആന്ധ്രപ്രദേശ് എസ്ഇസിഐ വഴി അദാനിയുടെ വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ഇതോടെ സംശയനിഴലിലായത് മുൻമുഖ്യമന്ത്രിയും വൈസ്എസ്ആർസിപി അധ്യക്ഷനുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയാണ്. 5 സംസ്ഥാനങ്ങളിലെ കൈക്കൂലി ഇടപാടിൽ ഉൾപ്പെട്ട 2,029 കോടി രൂപയിൽ 1,750 കോടി രൂപയും ആന്ധ്രയിലെ ഒരു ഉന്നതനാണ് നൽകിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.
യുഎസിലെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) നൽകിയ പരാതിയിൽ മുഖ്യമന്ത്രിയെക്കുറിച്ചു തന്നെ പരാമർശിക്കുന്നുണ്ട്. ഓഗസ്റ്റ് 2021ന് ഗൗതം അദാനി ജഗൻ മോഹനെ സന്ദർശിച്ചുവെന്നും കൈക്കൂലിയെക്കുറിച്ചു ചർച്ച ചെയ്തെന്നും പരാതിയിലുണ്ട്.
സ്വന്തം പദ്ധതി നടപ്പാക്കുന്നതിനേക്കാൾ ലാഭകരമാണ് എസ്ഇസിഐയിൽനിന്ന് വൈദ്യുതി വാങ്ങുന്നതെന്ന വിശദീകരണമാണ് അന്നു സംസ്ഥാന ഊർജസെക്രട്ടറിയായിരുന്ന എൻ.ശ്രീകാന്ത് നൽകിയത്. കരാർ ഒപ്പിട്ടതോടെ ആന്ധ്രപ്രദേശ് ഗ്രീൻ എനർജി കോർപറേഷൻ നടപ്പാക്കാനിരുന്ന 2,261 കോടി രൂപയുടെ സൗരോർജ പദ്ധതി ഉപേക്ഷിച്ചു. ചില നിയമപരമായ തടസ്സങ്ങൾ മൂലമാണ് പദ്ധതി നടക്കാതിരുന്നതെന്നാണ് വൈഎസ്ആർസിപി ഇന്നലെ വിശദീകരിച്ചത്.
പ്രധാന രാഷ്ട്രീയ എതിരാളിയെ കടന്നാക്രമിക്കാൻ അവസരം ലഭിച്ചിട്ടും ടിഡിപി മൗനം തുടരുകയാണ്. പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞത്. ജഗനെതിരെ അദാനി വിഷയം ഉയർത്തുന്നത് സഖ്യകക്ഷിയായ ബിജെപിക്കും ദോഷമാകുമെന്നതാകാം കാരണം. ആന്ധ്രയിലേക്കു നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ടിഡിപി സർക്കാർ അദാനി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
രാഹുൽ മുന്നോട്ട്; മിണ്ടാട്ടമില്ലാതെ ചിലർ
ന്യൂഡൽഹി ∙ അദാനി–മോദി കൂട്ടുകെട്ട് ആരോപിച്ചു രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റുപിടിക്കാതെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അശോക് ഗെലോട്ട്, ഭൂപീന്ദർ ഹൂഡ, ദിഗ്‌വിജയ് സിങ്, ഡി.കെ.ശിവകുമാർ, ദീപേന്ദർ ഹൂഡ എംപി, അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, രാജീവ് ശുക്ല തുടങ്ങിയവരാരും വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിനു തയാറായിട്ടില്ല.
എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങിയവർ അദാനി–മോദി കൂട്ടുകെട്ടിനെ വിമർശിച്ചും രംഗത്തുവന്നു. രാഷ്ട്രീയത്തിൽ തന്റേതു പതിവു വഴിയല്ലെന്നു വ്യക്തമാക്കി പോരാട്ടം തുടരുന്ന രാഹുൽ ഗാന്ധിയാകട്ടെ മുതിർന്ന നേതാക്കളുടെ നിശ്ശബ്ദത കാര്യമാക്കിയിട്ടില്ല.