അടിയന്തരാവസ്ഥയിൽ സർക്കാർ ചെയ്തതെല്ലാം തെറ്റല്ല: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥക്കാലത്തു സർക്കാർ ചെയ്തതെല്ലാം തെറ്റാണെന്നു പറയാൻ കഴിയില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത 42–ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ 25നു വിധി പറയാൻ മാറ്റിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. വിഷയം വിശാല ബെഞ്ചിനു വിടണമെന്ന ആവശ്യം കോടതി തള്ളി.
ഹർജിയിൽ ഉന്നയിക്കുന്ന വിഷയം പലവട്ടം സുപ്രീം കോടതി പരിശോധിച്ചതാണെന്നു ബെഞ്ച് നിരീക്ഷിച്ചു. 1976–ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. 1975–77 ൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനിടെയായിരുന്നു ഇത്.
മറ്റു രാജ്യങ്ങൾ സോഷ്യലിസത്തെ സമീപിക്കുന്നതു പോലെയല്ല ഇന്ത്യ കാണുന്നതെന്നും ക്ഷേമരാഷ്ട്ര സങ്കൽപമാണു നമ്മുടേതെന്നും ബെഞ്ച് നിരീക്ഷിച്ചു. ആളുകളുടെ ക്ഷേമവും തുല്യാവസരം നൽകലുമാണത്. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തമാണെന്ന് എസ്.ആർ.ബൊമ്മൈ കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ബൽറാം സിങ്, ബിജെപിയുടെ മുൻ രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി, അശ്വിനികുമാർ ഉപാധ്യായ എന്നിവരാണ് 42–ാം ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചത്. ഇന്ത്യ മതനിരപേക്ഷമാകേണ്ടതില്ലെന്നാണോ ഹർജിക്കാർ ആഗ്രഹിക്കുന്നതെന്നു കോടതി ചോദിച്ചു.