ADVERTISEMENT

മൂന്നാംദിവസം മുഖ്യമന്ത്രി പദത്തിൽനിന്നിറക്കിയവരെ നെടുകെ പിളർത്തി വീണ്ടും ഭരണത്തിൽ കയറിയ തന്ത്രജ്ഞനാണു ദേവേന്ദ്ര ഫഡ്നാവിസ്. ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഒരു ചുവടു പിന്നിലേക്കു മാറിയത്, വെറുതേയായില്ലെന്ന് ഉറപ്പിക്കുന്നതാണു തിരഞ്ഞെടുപ്പുഫലം. കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റ് മാത്രം പിന്നിൽ നിൽക്കുന്ന ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കു മറ്റൊരു പേരുണ്ടാകില്ല. 

ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പുരിലാണു ഫഡ്നാവിസ് ജനിച്ചത്. ജനസംഘം നേതാവായിരുന്ന പിതാവ് ഗംഗാധർ ഫഡ്നാവിസ് ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗമായിരുന്നു; നിതിൻ ഗഡ്കരി ഉൾപ്പെടെ നാഗ്പുരിൽനിന്നു വളർന്ന പല ബിജെപി നേതാക്കളുടെയും രാഷ്ട്രീയഗുരുവും. 

അടിയന്തരാവസ്ഥക്കാലത്ത് അച്ഛനെ ജയിലിലിട്ട ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ലെന്നു ശഠിച്ചു സ്കൂൾ മാറിയാണു ഫഡ്നാവിസിന്റെ രാഷ്ട്രീയത്തുടക്കം. 22–ാം വയസ്സിൽ നാഗ്പുർ നഗരസഭയിലെ കൗൺസിലറും 27ൽ മേയറുമായി. 1999 മുതൽ നിയമസഭയിൽ. 2013 ൽ ബിജെപി പ്രസിഡന്റ്. 2014 ൽ പാർട്ടി ഉജ്വല വിജയം നേടിയപ്പോൾ മുഖ്യമന്ത്രി. 5 വർഷവും തികച്ചുഭരിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ‘ഞാൻ തിരിച്ചുവരും’ എന്നായിരുന്നു ഫഡ്നാവിസിന്റെ വാക്ക്. 

എൻഡിഎ സഖ്യം വിജയിക്കുകയും ബിജെപി വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തെങ്കിലും മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം അനിശ്ചിതത്വമുണ്ടാക്കി. ബിജെപി ദേശീയ നേതൃത്വം ഉഴപ്പിയതോടെ എൻസിപിയിലെ അജിത് പവാറിനെ പുറത്തെത്തിച്ച് ഫഡ്നാവിസ് മുഖ്യമന്ത്രിയായി. എന്നാൽ അവിശ്വാസപ്രമേയത്തിൽ മൂന്നാംദിവസം സർക്കാർ വീണു. മുഖ്യമന്ത്രിസ്ഥാനത്തിരിക്കേണ്ട തന്നെ പ്രതിപക്ഷത്തിരുത്തിയ ശിവസേനയോടുള്ള പക തീർത്തത് രണ്ടരവർഷം കഴിഞ്ഞപ്പോൾ അവരെ പിളർത്തി ഏക്നാഥ് ഷിൻഡെയെ പുറത്തുചാടിച്ചാണ്. 

എന്നാൽ, മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഫഡ്നാവിസിനെ സഖ്യത്തിന്റെ നിലനിൽപിന്റെ പേരു പറഞ്ഞു ബിജെപി ദേശീയ നേതൃത്വം ഉപമുഖ്യമന്ത്രിയാക്കി. മുറിവേറ്റെങ്കിലും ഫഡ്നാവിസ് വെറുതേയിരുന്നില്ല. മാസങ്ങൾക്കുള്ളിൽ എൻസിപിയെയും പിളർത്തി ശക്തി തെളിയിച്ചു. 

ഈ തിരഞ്ഞെടുപ്പിൽ ഫഡ്നാവിസ് തന്നെയായിരുന്നു ബിജെപിയുടെ മുഖം. അഴിമതിയാരോപണങ്ങളിൽ പ്രതിസ്ഥാനത്തു വന്നിട്ടില്ലെന്ന പ്രതിഛായയും അൻപത്തിനാലുകാരനായ ഫഡ്നാവിസിനുണ്ട്. 

English Summary:

Master Strategist: Devendra Fadnavis regains power in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com