പ്രാദേശിക വികാരം കണ്ടില്ല, വോട്ടിൽ ജനരോഷമിരമ്പി: ജാർഖണ്ഡിൽ ബിജെപി തോറ്റതിങ്ങനെ
Mail This Article
ന്യൂഡൽഹി ∙ നുഴഞ്ഞുകയറ്റം ആദിവാസികളെ ഭൂരഹിതരാക്കുമെന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള താരപ്രചാരകർ, ആദിവാസികൾ ദൈവത്തെപ്പോലെ കാണുന്ന ബിർസ മുണ്ടയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങൾ, നഗരങ്ങളെ ഇളക്കിമറിച്ച റോഡ് ഷോകൾ, ചംപയ് സോറനെ സ്വന്തം പാളയത്തിലെത്തിച്ച പൂഴിക്കടകൻ. എന്നിട്ടും ബിജെപിക്കു ജാർഖണ്ഡിൽ അധികാരം തിരിച്ചുപിടിക്കാൻ കഴിയാതിരുന്നതിന്റെ പ്രധാന കാരണം പ്രാദേശിക വികാരങ്ങൾ മനസ്സിലാക്കാതെ പോയതാണ്.
തിരിഞ്ഞുകുത്തി മിഷൻ ചംപയ്
ഹേമന്ത് സോറൻ ജയിലിലായപ്പോൾ 5 മാസത്തോളം മുഖ്യമന്ത്രിപദത്തിലിരുന്ന ജെഎംഎം നേതാവ് ചംപയ് സോറനെ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപി സ്വന്തം പാളയത്തിലെത്തിച്ചെങ്കിലും അതു തിരിഞ്ഞുകുത്തി. ചംപയ് സോറനെ ഉപയോഗിച്ചു ജെഎംഎമ്മിനെ പിളർത്താൻ ബിജെപി ശ്രമിച്ചെന്ന പ്രചാരണമാണു കൂടുതൽ ഏറ്റത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെടുത്തി ഹേമന്ത് സോറനെ ജയിലിലടച്ചതു ബിജെപിയാണെന്ന പ്രചാരണവും ആദിവാസികളുടെ രോഷത്തിനിടയാക്കി. ചംപയ് സോറനെയും 2020 ൽ ജാർഖണ്ഡ് വികാസ് മോർച്ചയുമായി ബിജെപിയിൽ ലയിച്ച മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയെയും മുന്നിൽനിർത്തി ആദിവാസിവോട്ടുകൾ വരുതിയിലാക്കാമെന്ന ബിജെപി പ്രതീക്ഷയും അസ്ഥാനത്തായി.
നുഴഞ്ഞുകയറ്റം ഏശിയില്ല
ബംഗ്ലദേശികളുടെ നുഴഞ്ഞുകയറ്റമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം. നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകൾ നാട്ടുകാരായ ആദിവാസിസ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ആദിവാസികൾക്കു ഭൂമിയും പെൺമക്കളെയും നഷ്ടമാകുന്നുവെന്നു ബിജെപി ആരോപണമുയർത്തി. ആദിവാസിതാൽപര്യം മുൻനിർത്തിയുള്ള ജെഎംഎമ്മിന്റെ ‘ജൽ, ജംഗിൾ, ജമീൻ’ (ജലം, കാട്, ഭൂമി) മുദ്രാവാക്യത്തിനെതിരെ ‘ബേട്ടി, റൊട്ടി, മാട്ടി’ (മകൾ, റൊട്ടി, ഭൂമി) മുദ്രാവാക്യവുമായി ബിജെപി രംഗത്തെത്തി. ഈ വിഷയം ഏശിയില്ലെന്നു പ്രചാരണത്തിന്റെ തുടക്കത്തിൽത്തന്നെ വ്യക്തമായിരുന്നെങ്കിലും അതിൽനിന്നു പിന്മാറാൻ നേതാക്കൾ തയാറായില്ല.
ഇതു ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണെന്ന നിലപാടെടുത്ത സിപിഐഎംഎൽ അടക്കമുള്ള കക്ഷികൾ ഇന്ത്യാസഖ്യത്തിനു പിന്തുണയുമായെത്തി. മുസ്‌ലിംകൾക്കു പുറമേ മറ്റു ചില ഒബിസി വിഭാഗങ്ങളും ബിജെപിക്കെതിരെ സജീവമായി രംഗത്തിറങ്ങി.
കണക്കുകൂട്ടൽ തെറ്റിച്ച് മഹാതോ ഫാക്ടർ
ഒബിസിക്കാരായ മഹാതോകളുടെ വോട്ടിൽ അധികവും പുതിയ പാർട്ടിയായ ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ചയ്ക്കു (ജെഎൽകെഎം) ലഭിച്ചതു ബിജെപിക്കു തിരിച്ചടിയായി.
സംസ്ഥാനത്തെ ജനസംഖ്യയുടെ 15% വരുന്ന മഹാതോ അഥവാ കുർമി വിഭാഗമാണ് ആദിവാസികൾ കഴിഞ്ഞാൽ പ്രബലർ. ബിജെപിയോടാണ് ഇവർ കൂടുതൽ ആഭിമുഖ്യം പുലർത്തിയിരുന്നത്. ഈ വിഭാഗത്തിൽപെട്ടവരുടെ സംഘടനയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) ഇത്തവണ ബിജെപി സഖ്യത്തിലുമായിരുന്നു.
എന്നാൽ, 3 മാസം മുൻപു മാത്രം രൂപീകരിച്ച ജെഎൽകെഎം ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 66 സീറ്റുകളിലാണ് ഇവർ മത്സരിച്ചത്. സ്ഥാപകനേതാവായ ജയ്റാം മഹാതോ ജയിച്ചെന്നു മാത്രമല്ല പല മണ്ഡലങ്ങളിലും ബിജെപിയുടെ തോൽവിക്കു കാരണമാകുകയും ചെയ്തു.