ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ അഭ്യർഥിച്ച പശ്ചാത്തലത്തിൽ ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹിയിൽ ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം 3 പാർട്ടികളുടെയും എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നാളെ അർധരാത്രി തീരുന്നതിനാൽ അതിനകം സർക്കാർ രൂപീകരിക്കേണതുണ്ടെന്ന അനിവാര്യതയുമുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണ് പ്രഥമപരിഗണന. 

നാളെ വാങ്കഡെ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.  ഇന്നു വൈകിട്ട് രാജ്ഭവനിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ സ്റ്റേഡിയത്തിൽ നടത്താമെന്ന നിർദേശവും ഉയർന്നു. എൻസിപി (അജിത്) എംഎൽഎമാരുടെ യോഗം അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിജെപി, ശിവസേനാ ഷിൻഡെ വിഭാഗങ്ങൾ ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഏക്നാഥ് ഷിൻഡെയുടെയും പേരുകൾ നിർദേശിക്കും. 

മുഖ്യമന്ത്രിപദവിയിലേക്കു ഫഡ്നാവിസിന് എൻസിപി പിന്തുണ നൽകുമെന്ന് അജിത് പക്ഷ നേതാവായ ഛഗൻ ഭുജ്ബൽ പറഞ്ഞു. മുംബൈ, താനെ, പുണെ അടക്കം നഗരസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതുവരെ ഷിൻഡെയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുമെന്ന് അഭ്യൂഹമുണ്ട്. 

പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തിൽ ഒന്നുപോലും ലഭിക്കാത്തതിനാൽ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും വരുന്നത്. നേതൃസ്ഥാനം അവകാശപ്പെടാൻ 29 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേനയ്ക്ക് (ഉദ്ധവ്) 20 സീറ്റ് മാത്രമാണുള്ളത്. 

തിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചതല്ലെന്നു ശരദ് പവാർ പ്രതികരിച്ചു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നതായി സംശയമുണ്ടെന്നും ചില മണ്ഡലങ്ങളിലെ ഫലം പരിശോധിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം ഉറപ്പായിരുന്ന പലരും അപ്രതീക്ഷിതമായി വലിയ മാർജിനിൽ തോറ്റതിൽ അട്ടിമറി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Eknath Shinde Demands CM Share: Will Devendra Fadnavis Concede?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com