മഹാരാഷ്ട്ര മുഖ്യമന്ത്രി: അഞ്ചാം ദിവസവും സസ്പെൻസ്
Mail This Article
മുംബൈ ∙ ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി. തീരുമാനം ബിജെപിക്ക് വിട്ട് നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഒഴിവായതോടെ ദേവേന്ദ്ര ഫഡ്നാവിസിനു വഴി തുറന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ഷിത ‘തിരഞ്ഞെടുപ്പ്’ ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ബിജെപി കേന്ദ്രനേതൃത്വത്തിന് പതിനായിരം കണ്ണുകളും ഇരുപതിനായിരം ചെവികളുമുണ്ടെന്നും പരീക്ഷണത്തിന് മടിക്കില്ലെന്നുമുള്ള മുൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന്റെ വാക്കുകളും അഭ്യൂഹങ്ങൾ ഉയർത്തി. ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാഠാ വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, ഫഡ്നാവിസിനെ പിന്തുണയ്ക്കുന്നത് ആർഎസ്എസ് ആണ് എന്നതും വസ്തുത. ഫഡ്നാവിസിനോളം തലയെടുപ്പും സ്വീകാര്യതയുമുള്ള നേതാവ് സംസ്ഥാന ബിജെപിയിൽ ഇല്ലെന്ന പരിമിതിയും പാർട്ടിക്കുണ്ട്.