പാസ്പോർട്ട് അനുവദിക്കാൻ പൊലീസ് റിപ്പോർട്ട് തടസ്സമല്ല
Mail This Article
ന്യൂഡൽഹി ∙ പ്രതികൂലമായ പൊലീസ് റിപ്പോർട്ട് കാരണം ഒരാൾക്കു പാസ്‌പോർട്ട് അനുവദിക്കാതിരിക്കാനാവില്ലെന്നു രാജസ്ഥാൻ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പൊലീസ് റിപ്പോർട്ട് പാസ്പോർട്ട് അതോറിറ്റിക്കു ബാധകമല്ലെന്നും ജസ്റ്റിസ് അനൂപ് കുമാർ ധൻഡ് പറഞ്ഞു. ‘പ്രതികൂലമായ പൊലീസ് റിപ്പോർട്ട്, പാസ്‌പോർട്ട് കൈവശം ലഭിക്കാനുള്ള ഒരു പൗരന്റെ അവകാശം ഇല്ലാതാകുന്നില്ല. വ്യക്തിയുടെ വസ്തുതകൾ, മുൻകാല സംഭവങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് പാസ്പോർട്ട് അനുവദിക്കണോ എന്നതിൽ പാസ്പോർട്ട് അതോറിറ്റിയാണു തീരുമാനം എടുക്കേണ്ടത്’ – കോടതി വ്യക്തമാക്കി.
പാസ്പോർട്ട് അനുവദിക്കുന്നതിനു മുൻപു പൊലീസ് പരിശോധന നടത്താമെന്നത് ഒരു വ്യവസ്ഥ മാത്രമാണെന്നും കോടതി പറഞ്ഞു. പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ തള്ളിയതിനെതിരെ 34 വയസ്സുകാരി നൽകിയ ഹർജിയിലാണ് ഉത്തരവ്. 2012 മുതൽ 2022 വരെ യുവതിക്കു പാസ്പോർട്ടുണ്ടായിരുന്നു. യുവതി നേപ്പാൾ സ്വദേശിയാണോയെന്നു സംശയമുണ്ടെന്നും ഈ സാഹചര്യത്തിലാണ് അപേക്ഷ തള്ളിയതെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. എന്നാൽ, ഇന്ത്യക്കാരിയല്ലെന്നു സ്ഥിരീകരിക്കാൻ വ്യക്തമായ രേഖകളില്ലെന്നു വിലയിരുത്തി കോടതി യുവതിക്ക് അനുകൂലമായി വിധി പറഞ്ഞു.