ആപ് സ്റ്റോർ ആധിപത്യം: ഗൂഗിളിനെതിരെ പുതിയ അന്വേഷണം
Mail This Article
ന്യൂഡൽഹി ∙ വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികളുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ‘വിൻസോ’ എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി.
ആപ് സ്റ്റോർ ബിസിനസിലെ ആധിപത്യം ഗൂഗിൾ ദുരുപയോഗിക്കുകയാണെന്ന് വിൻസോ ആരോപിച്ചു. പണം ഉൾപ്പെട്ട ഗെയിമുകൾ (റിയൽ മണി ഗെയിം) ഗൂഗിൾ പ്ലേ സ്റ്റോറിൽ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ മറ്റ് സൈറ്റുകളിലൂടെ വേണം വിൻസോയുടെ ഗെയിം ഡൗൺലോഡ് ചെയ്യാൻ. എന്നാൽ, പ്ലേ സ്റ്റോറിനു പുറത്തുള്ള ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ ഉപയോക്താക്കൾക്ക് അപകടമുന്നറിയിപ്പ് നൽകുന്നു. ഇത് ജനങ്ങൾ ആപ് ഉപയോഗിക്കാതിരിക്കാൻ കാരണമാകും.
ഒപ്പം കമ്പനിയുടെ പ്രതിഛായ നഷ്ടപ്പെടുത്തുന്ന നീക്കമാണെന്നും വിൻസോ ആരോപിച്ചു. അന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.