മഹാരാഷ്ട്ര: അവസാന മണിക്കൂറിൽ 76 ലക്ഷം വോട്ട്; വോട്ടിലെ പൊരുത്തക്കേടുകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന മണിക്കൂറിൽ 76 ലക്ഷം വോട്ട് പോൾ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന കോൺഗ്രസ് ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് അടക്കം ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മഹാരാഷ്ട്ര ഘടകം പരാതി നൽകിയതിനു പിന്നാലെയാണിത്. കോൺഗ്രസ് പ്രതിനിധിസംഘത്തെ 3ന് കൂടിക്കാഴ്ചയ്ക്ക് കമ്മിഷൻ ക്ഷണിക്കുകയും ചെയ്തു.
-
Also Read
മഹാരാഷ്ട്രയിൽ പുതിയ എൻഡിഎ സർക്കാർ 5ന്
ഒട്ടേറെ വോട്ടുകൾ നീക്കം ചെയ്തെന്നും അന്തിമ വോട്ടർപട്ടികയിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകൾ കൂട്ടിച്ചേർത്തെന്നുമാണ് കോൺഗ്രസ് ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ജൂലൈ–നവംബർ കാലയളവിൽ 47 ലക്ഷം വോട്ടുകളാണ് പുതുതായി ചേർത്തത്. ഇതു ഭരണമുന്നണിക്ക് അനുകൂലമായെന്നും 50,000 വോട്ടുകൾ പുതിയതായി ചേർത്ത 50 മണ്ഡലങ്ങളിൽ 47ലും എൻഡിഎയാണ് വിജയിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വോട്ടിങ് ശതമാനത്തിൽ വലിയ വ്യത്യാസം വന്നതിലും പാർട്ടി ദുരൂഹത ആരോപിക്കുന്നു. പോളിങ് നടന്ന നവംബർ 20ന് വൈകിട്ട് 5.30ന് 58.22 % പേർ വോട്ടു ചെയ്തെന്നാണ് കമ്മിഷൻ പുറത്തുവിട്ട കണക്ക്. രാത്രി 11.30ന് ഇത് 65.02% എന്നു തിരുത്തി. പിന്നീടിത് 66.05% ആയി. കോൺഗ്രസിന്റേതിനു സമാനമായ ആരോപണം സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകറും ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ മുൻ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷയും ക്രമക്കേട് ആരോപിച്ച് രംഗത്തെത്തി.