ഇപിഎഫ് പലിശ ഇനി ക്ലെയിം തീർപ്പാക്കുന്ന തീയതി വരെ
Mail This Article
ന്യൂഡൽഹി ∙ ഇപിഎഫ് ക്ലെയിം തീർപ്പാക്കുന്ന തീയതി വരെയുള്ള പലിശ ഇനി അംഗങ്ങൾക്ക് ലഭിക്കും. തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തീരുമാനം. 24–ാം തീയതി വരെ തീർപ്പാക്കുന്ന ക്ലെയിമുകൾക്ക് തലേമാസം വരെയുള്ള പലിശ മാത്രമാണ് നിലവിൽ നൽകിയിരുന്നത്.
-
Also Read
മഹാരാഷ്ട്രയിൽ പുതിയ എൻഡിഎ സർക്കാർ 5ന്
നിലവിൽ 25–ാം തീയതി മുതൽ മാസാവസാനം വരെ ക്ലെയിമുകൾ തീർപ്പാക്കാറില്ല. പുതിയ തീരുമാനപ്രകാരം, എല്ലാ ദിവസവും തീർപ്പാക്കും. രാജ്യത്ത് എവിടെനിന്ന് വേണമെങ്കിലും പെൻഷൻ സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സിസ്റ്റത്തിന്റെ പൈലറ്റ് പദ്ധതി കർണാൽ (ഹരിയാന), ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ പൂർത്തിയായതായി ഇപിഎഫ്ഒ ബോർഡിനെ അറിയിച്ചു. ജനുവരി 1 മുതൽ രാജ്യമാകെ നടപ്പാകും.
ഇപിഎഫ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ഇൻഷുറൻസ് ആനുകൂല്യം ഏപ്രിൽ 28 മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ തീരുമാനമായി. ഓട്ടോക്ലെയിമിന്റെ പരിധി 50,000 രൂപയായിരുന്നത് ഒരു ലക്ഷം രൂപയാക്കി. പാർപ്പിടം, വിവാഹം, വിദ്യാഭ്യാസം എന്നിവ കൂടി ഓട്ടോക്ലെയിമിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു.