കാൽഭാഗം എച്ച്ഐവി ബാധിതർക്കും ആന്റി റിട്രോവൈറൽ മരുന്നില്ല
Mail This Article
ന്യൂഡൽഹി ∙ എച്ച്ഐവി ബാധിതർക്കു ജീവിതാവസാനം വരെ നൽകേണ്ട ആന്റി റിട്രോവൈറൽ മരുന്നുകൾ നാലിലൊന്നുപേർക്കും ലഭിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 3.99 കോടി എച്ച്ഐവി ബാധിതരിൽ 92 ലക്ഷം പേർക്കും ആന്റി റിട്രോവൈറൽ മരുന്നോ ചികിത്സയോ ലഭിക്കുന്നില്ല. വൈറസ് ബാധ ഭേദമാകില്ലെങ്കിലും ഈ മരുന്നു കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാമെന്നതാണു പ്രത്യേകത. മരുന്നു ഉപയോഗിച്ചു തുടങ്ങിയാൽ ജീവിതാവസാനംവരെ കൃത്യമായി തുടരേണ്ടതാണ്. രാജ്യത്ത് ഇതുൾപ്പെടെയുള്ള എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ഫണ്ടിന്റെ അഭാവം പ്രതിസന്ധിയാണെന്ന് എയ്ഡ്സ് സൊസൈറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ 3.99 കോടി എച്ച്ഐവി ബാധിതരിൽ 13 ലക്ഷം പേർ പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ടവരാണ്. എച്ച്ഐവി ബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ– 24 ലക്ഷം. അതിൽ 60,000 പേർക്കു പുതുതായി സ്ഥിരീകരിക്കപ്പെട്ടതാണ്. എച്ച്ഐവി ബാധിതരായ 40,000 പേർ 2023 ൽ മരിച്ചെന്നും ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള എയ്ഡ്സ് ദിനാചരണം ഇന്ന് മധ്യപ്രദേശിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും.