ADVERTISEMENT

ലക്നൗ∙ യുപിയിലെ സംഭൽ ജില്ലയിൽ സംഘർഷമുണ്ടായ ഷാഹി ജുമാ മസ്ജിദും പരിസരവും ജുഡീഷ്യൽ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. മുഗൾ ഭരണകാലത്തു ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതി നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ കഴിഞ്ഞ 24ന് ഉണ്ടായ സംഘർഷത്തിലും വെടിവയ്പിലും 5 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷം ഉണ്ടായതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാനാണ് യുപി സർക്കാർ കമ്മിഷനെ നിയോഗിച്ചത്. 2 മാസത്തിനുള്ളിൽ കമ്മി‌ഷൻ റിപ്പോർട്ട് നൽകണം.

കമ്മിഷൻ അംഗങ്ങളായ അലഹാബാദ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ദേവേന്ദ്ര കുമാർ അറോറ, റിട്ടയേ‍ഡ് ഐപിഎസ് ഓഫിസർ അരവിന്ദ് ജെയിൻ എന്നിവർ 15 മിനിറ്റോളം അവിടെ ചെലവഴിച്ചു. മൂന്നംഗ കമ്മിഷനിലെ മറ്റൊരു അംഗമായ മുൻ ഐഎഎസ് ഓഫിസർ അമിത് മോഹൻ പ്രസാദ് ഹാജരായില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കമ്മിഷൻ അംഗങ്ങൾ പ്രതികരിച്ചില്ല. എന്നാൽ കമ്മിഷൻ വീണ്ടും സ്ഥലം സന്ദർശിക്കുമെന്നു മൊറാദാബാദ് ഡിവിഷനൽ കമ്മിഷണർ ആഞ്ജനേയ കുമാർ സിങ് പറഞ്ഞു.

മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും ഈ മാസം 10 നുശേഷം നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ, മുഗൾ ഭരണകാലത്ത് നിർമിക്കപ്പെട്ട പള്ളിയുടെ നിയന്ത്രണവും സംരക്ഷണവും തങ്ങൾക്കു വിട്ടുതരണമെന്നാവശ്യപ്പെട്ട് പുരാവസ്തുവകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നേരത്തേ പുരാവസ്തുവകുപ്പും പ്രദേശത്ത് സർവേ നടത്തിയിരുന്നു.

English Summary:

Shahi Juma Masjid Clashes: Tensions remain high in Sambhal, Uttar Pradesh, as a judicial commission investigates the recent communal clashes at the Shahi Juma Masjid. The clashes, which tragically resulted in five fatalities, erupted during a court-ordered survey examining claims that the mosque was built on the site of a demolished temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com