ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കൂടുന്ന വർഗീയ സംഘർഷങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയും പരിഹാരം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു 17 പ്രമുഖ വ്യക്തികൾ കത്തെഴുതി. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കം ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ആശങ്കയും എടുത്തുപറയുന്നതാണു കത്ത്.

‘രാജ്യത്തെ ഹിന്ദു–മുസ്‌ലിം ബന്ധം മോദി അധികാരത്തിലെത്തിയ 2014നു ശേഷം തീർത്തും മോശമായി. മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെയും വേർതിരിവിനെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് ചില സംസ്ഥാന സർക്കാരുകളുടെയും ഏജൻസികളുടെയും ഭാഗത്തുനിന്നുണ്ടായി. സർക്കാരുകൾ ഒരു വിഭാഗത്തിനെതിരെ നിൽക്കുന്ന സാഹചര്യം ഇതിനു മുൻപുണ്ടായിട്ടില്ല’–കത്ത് പറയുന്നു.

ബീഫിന്റെ പേരിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾ, ഇസ്‌ലാം വിരുദ്ധ പ്രസംഗങ്ങൾ, മുസ്‌ലിംകളുടെ വീടുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തകർത്ത സംഭവങ്ങൾ തുടങ്ങിയവ കത്തിൽ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്ന കത്ത്, ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ‘പുരാതന മുസ്‌ലിം പള്ളികളുടെയും ദർഗകളുടെയും സ്വത്തുക്കൾ വീണ്ടും സർവേ ചെയ്യണമെന്ന ആവശ്യം ഇന്ത്യയുടെ ബഹുസ്വരത തകർക്കും.

ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ, ഇത്തരം ആവശ്യങ്ങൾ അനുവദിക്കാൻ ചില കോടതികൾ അനാവശ്യ ധൃതി കാണിക്കുന്നു. എല്ലാ സംസ്ഥാന സർക്കാരുകളും ഭരണഘടന ഉയർത്തിപ്പിടിക്കുന്നെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം. ഇന്ത്യയുടെ മതനിരപേക്ഷ, ബഹുസ്വര സംസ്കാരം ഉറപ്പാക്കാൻ സർവമത സമ്മേളനം വിളിക്കണം. വികസിത രാജ്യമാകാനുള്ള ശ്രമങ്ങൾക്കു വർഗീയ സംഘർഷം വലിയ തടസ്സമാണ്’ –കത്തിൽ പറയുന്നു.

ആസൂത്രണ കമ്മിഷൻ മുൻ സെക്രട്ടറി എൻ.സി.സക്സേന, ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ബ്രിട്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിവ് മുഖർജി, കരസേനാ മുൻ ഉപമേധാവി ലഫ്. ജനറൽ സമീറുദീൻ ഷാ തുടങ്ങിയവർ ചേർന്നാണ് കത്തെഴുതിയത്.

English Summary:

Rising Communal Tensions:Concerned by escalating communal tensions, 17 eminent citizens penned a letter to Prime Minister Narendra Modi, urging him to address the growing insecurity and fear among minority communities, particularly Muslims and Christians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com