എൻഐഎ കേസ്: മെയ്തെയ് വനിതകൾ പ്രതിഷേധത്തിൽ
Mail This Article
കൊൽക്കത്ത∙ തീവ്ര മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ തലവൻ കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ ഇംഫാൽ താഴ്‌വരയുടെ വിവിധ കേന്ദ്രങ്ങളിൽ വൻ റാലിയും പ്രതിഷേധ ധർണയും നടന്നു. ഖുമാനെതിരെ എൻഐഎ 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
മണിപ്പുർ സർക്കാരും പൊലീസും മെയ്തെയ്കളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഈ ദൗത്യം ഏറ്റെടുത്തവരാണ് ആരംഭായ് തെംഗോൽ എന്ന് മെയ്തെയ് വനിതകൾ പറഞ്ഞു. മെയ്തെയ് ഗ്രാമങ്ങളെ സംരക്ഷിച്ചത് അവരാണെന്നും ആരംഭായ് തെംഗോൽ ഭീകരസംഘടനയല്ലെന്നും വിവിധ മെയ്‌രാ പെയ്ബി (മെയ്തെയ് വനിതകൾ) സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ജിരിബാമിൽ കഴിഞ്ഞ മാസം ആദ്യം നടന്ന കലാപത്തെത്തുടർന്നു മണിപ്പുരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇംഫാൽ വെസ്റ്റിലെ ആർമി ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന മെയ്തെയ് വിഭാഗക്കാരനെക്കുറിച്ച് ഇതുവരെ സൂചനയില്ല..കാണാതായ ആളെ കരസേന തിരികെ നൽകണമെന്നാവശ്യപ്പെട്ട് മെയ്‌രാ പെയ്ബിമാർ സമരത്തിലാണ്. മണിപ്പുരിലെ വിവിധ ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി.
ഇതിനിടെ ജിരിബാമിൽ സിആർപിഎഫ് ഭടൻമാരുടെ വെടിയേറ്റു കൊല്ലപ്പെട്ട 10 മാർ ഗോത്രക്കാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഡസനോളം വെടിയുണ്ടകൾ ചിലരുടെ ദേഹത്തുണ്ടായിരുന്നു. 4 മൃതദേഹങ്ങളുടെ കണ്ണ് നഷ്ടപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ ഗ്രാമസംരക്ഷണ വളന്റിയർമാരാണെന്നാണു കുക്കി സംഘടനകളുടെ നിലപാട്. ജിരിബാം പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ച സംഘം സിആർപിഎഫ് തിരിച്ചടിയിൽ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം.