ഒരുമയില്ലാതെ ഉലഞ്ഞ്, ഇന്ത്യാസഖ്യം
Mail This Article
ന്യൂഡൽഹി∙ അദാനി വിഷയത്തെക്കാൾ വലുതാണ് യുപിയിലെ സംഭലിലുണ്ടായ വെടിവയ്പെന്ന സമാജ്‍വാദി പാർട്ടിയുടെ നിലപാട് കോൺഗ്രസിനെ പ്രതിപക്ഷനിരയിൽ കൂടുതൽ ഒറ്റപ്പെടുത്തുന്നു. തൃണമൂൽ കോൺഗ്രസ് ദിവസങ്ങളായി അദാനി വിഷയത്തിന്റെ പേരിൽ ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പോലും പങ്കെടുക്കുന്നില്ല. ഇന്നലെ പാർലമെന്റ് വളപ്പിൽ ഇന്ത്യാസഖ്യം നടത്തിയ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നത് അതേസമയത്ത് മറ്റൊരു യോഗമുള്ളതിനാലാണെന്ന് സമാജ്‍വാദി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണു മറ്റു കക്ഷികൾക്കിടയിലെ സംസാരം. തിങ്കളാഴ്ച വൈകിട്ടു തന്നെ പ്രതിഷേധപരിപാടി തീരുമാനിച്ചിരുന്നു. മനുഷ്യർ കൊല്ലപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത സംഭവമായതിനാൽ അദാനി വിഷയത്തെക്കാൾ വലുതാണു സംഭൽ സംഘർഷമെന്നാണ് എസ്പി എംപി സിയാവുർ റഹ്മാൻ ഇന്നലെ പറഞ്ഞത്. സഭാനടപടികളുമായി യോജിച്ചുപോകാൻ ഇന്ത്യാസഖ്യം തീരുമാനിച്ച ശേഷം, ലോക്സഭയ്ക്കുള്ളിൽ ഇന്നലെ എസ്പി നടത്തിയ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു.
എസ്പിക്കൊപ്പം നടുത്തളത്തിലിറങ്ങുന്ന കാര്യത്തിൽപോലും കോൺഗ്രസിന് ആശയക്കുഴപ്പമുണ്ടായി. താങ്ങുവില വിഷയത്തിൽ (എംഎസ്പി) കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വോക്കൗട്ടിൽ എസ്പി ഇന്നലെ സഹകരിക്കാതിരുന്നതും ശ്രദ്ധേയമായി. കോൺഗ്രസ് ഉയർത്തിയ അദാനി വിഷയമൊഴികെ മറ്റു പ്രതിപക്ഷകക്ഷികളുടെ വിഷയങ്ങളെല്ലാം ഇന്നലത്തെ ശൂന്യവേളയിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി. എസ്പിക്ക് സംഭൽ വിഷയം, ഡിഎംകെയ്ക്ക് ഫെയ്ഞ്ചൽ ചുഴലിക്കറ്റ്, തൃണമൂലിന് ബംഗ്ലദേശ് വിഷയം എന്നിവ ഉന്നയിക്കാനായി. ഇതു പ്രതിപക്ഷ ചേരിയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യാസഖ്യത്തിന്റെ നേതാവായി മമത ബാനർജിയെ ഉയർത്തിക്കാട്ടുന്നതിനെ തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദ് ഇന്നലെ പിന്തുണച്ചു. ‘അത് നല്ല തമാശ’ എന്നായിരുന്നു കോൺഗ്രസ് എംപി മാണിക്കം ടഗോറിന്റെ പ്രതികരണം.