നേരിട്ടുകണ്ട് ഫഡ്നാവിസ്; പിണക്കം മാറി ഷിൻഡെ
Mail This Article
മുംബൈ∙ബിജെപിയുമായുള്ള ചർച്ചകളിൽ നിന്നു വിട്ടുനിന്ന് സമ്മർദം ചെലുത്തിയ കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ദേവേന്ദ്ര ഫഡ്നാവിസ് നേരിട്ടു കണ്ട് ചർച്ച നടത്തി. ആഭ്യന്തരത്തിനൊപ്പം ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഷിൻഡെ. ബിജെപി ആവശ്യങ്ങൾ അവഗണിച്ചതോടെയാണ് സത്താറയിലെ ജൻമഗ്രാമത്തിലേക്കു പോയത്. ഞായറാഴ്ച മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വസതിയിൽ വിശ്രമത്തിലായിരുന്നു.
-
Also Read
സ്തംഭനം മാറി; ഭിന്നത തെളിഞ്ഞ് പ്രതിഷേധം
മുഖ്യമന്ത്രിസ്ഥാനം ഫഡ്നാവിസ് ഉറപ്പിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വം ഇപ്പോഴും സസ്പെൻസ് നിലനിർത്തുകയാണ്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള പാർട്ടി എംഎൽഎമാരുടെ യോഗം ഇന്നു രാവിലെ 11ന് കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും സാന്നിധ്യത്തിൽ നിയമസഭാ കോംപ്ലക്സിൽ നടക്കും. ഒൗദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ കക്ഷിനേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. ദക്ഷിണ മുംബൈയിൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന് എതിർവശത്തുള്ള ആസാദ് മൈതാനത്ത് നാളെ വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി,10 കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.