സ്തംഭനം മാറി; ഭിന്നത തെളിഞ്ഞ് പ്രതിഷേധം
Mail This Article
ന്യൂഡൽഹി∙ 5 ദിവസത്തെ സ്തംഭനാവസ്ഥയ്ക്കു ശേഷം പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പൂർണതോതിൽ പ്രവർത്തിച്ചു. തിങ്കളാഴ്ച ലോക്സഭയും രാജ്യസഭയും യഥാക്രമം 13 മിനിറ്റും 18 മിനിറ്റുമാണു നടന്നതെങ്കിൽ ഇന്നലെ ലോക്സഭ 7 മണിക്കൂറിലേറെയും രാജ്യസഭ 6 മണിക്കൂറും ചേർന്നു. ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിലും എണ്ണപ്പാടങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിലും പാസാക്കി.
സഭാനടപടികളുമായി സഹകരിക്കാൻ തീരുമാനിച്ചതിനാൽ അദാനി വിഷയത്തിലുള്ള പ്രതിഷേധപരിപാടി പ്രതിപക്ഷ ഇന്ത്യാസഖ്യം സഭയ്ക്കു പുറത്താണു നടത്തിയത്. ഇതിൽനിന്ന് തൃണമൂൽ കോൺഗ്രസിനു പുറമേ സമാജ്‍വാദി പാർട്ടിയും വിട്ടുനിന്നതോടെ സഖ്യത്തിലെ ഭിന്നത കൂടുതൽ വെളിവായി.
പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുമെന്നാണു വിലയിരുത്തപ്പെട്ടത്. എന്നാൽ ലോക്സഭ ചേർന്നയുടൻ തന്നെ സമാജ്‍വാദി പാർട്ടി സംഭൽ വിഷയമുയർത്തി നടുത്തളത്തിലിറങ്ങി. മുസ്‍ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറും ഒപ്പമിറങ്ങി. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ അംഗങ്ങൾ എഴുന്നേറ്റെങ്കിലും നടുത്തളത്തിലിറങ്ങിയില്ല. ചോദ്യോത്തരവേളയിൽ വിഷയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതോടെ തൃണമൂൽ ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
മറ്റ് പാർട്ടികൾ ഉടൻ തന്നെ സീറ്റുകളിൽ തിരിച്ചെത്തിയെങ്കിലും ചോദ്യോത്തരവേളയുടെ ഒടുവിലാണ് എസ്പി അംഗങ്ങൾ തിരികെയെത്തിയത്. കാർഷിക താങ്ങുവിലയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം വീണ്ടും വോക്കൗട്ട് നടത്തിയപ്പോൾ തൃണമൂലിനൊപ്പം സമാജ്‍വാദി പാർട്ടി അംഗങ്ങളും ഇതിന്റെ ഭാഗമായില്ല.
രാജ്യസഭയിലും സംഭൽ വിഷയത്തിൽ എസ്പി, മുസ്‌ലിം ലീഗ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി അംഗങ്ങൾ വോക്കൗട്ട് നടത്തി. എന്നാൽ കോൺഗ്രസ്, സിപിഎം, സിപിഐ അംഗങ്ങൾ ഇതിനൊപ്പം ചേർന്നില്ല. സമാജ്‌വാദി പാർട്ടി അംഗം രാംഗോപാൽ യാദവിനു സംസാരിക്കാൻ വേണ്ടത്ര സമയം അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു ഇറങ്ങിപ്പോക്ക്.