ആരോഗ്യ ഇൻഷുറൻസ്: ജിഎസ്ടി കുറയ്ക്കാൻ നിർദേശം; കേന്ദ്രത്തിന് യോജിപ്പ്
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കാനുള്ള നിർദേശത്തോടു കേന്ദ്ര ധനമന്ത്രാലയത്തിനും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കും (ഐആർഡിഎഐ) പൂർണ യോജിപ്പ്. പാർലമെന്റിന്റെ ധനകാര്യ സ്ഥിരസമിതിയെ സർക്കാർ ഇക്കാര്യം അറിയിച്ചു. 21ന് രാജസ്ഥാനിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയത്തിൽ തീരുമാനമെടുക്കാനിരിക്കെയാണു കേന്ദ്രം അനുകൂലനിലപാട് അറിയിച്ചത്.
മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുള്ള 18% ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്നും മൈക്രോ ഇൻഷുറൻസ്, ടേം ഇൻഷുറൻസ് പോളിസികൾക്കു നിശ്ചിത പരിധി വരെ ഇളവു നൽകണമെന്നുമാണ് ഐആർഡിഎഐയുടെ നിലപാട്. ഇതിനോടു യോജിക്കുന്നതായി ധനമന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) സ്ഥിരസമിതിയെ അറിയിച്ചു. വിഷയം പരിഗണിച്ച മന്ത്രിതല ഉപസമിതിയും നികുതിയിളവു ശുപാർശ ചെയ്തിരുന്നു.
പല വികസിത രാജ്യങ്ങളും ഇൻഷുറൻസ് ഉൽപന്നങ്ങൾക്കു നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഐആർഡിഎഐ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഇൻഷുറൻസ് വ്യാപിപ്പിക്കാൻ സമാനമായ ഇളവുകൾ നൽകണമെന്ന വാദമുണ്ടെന്നു സ്ഥിരസമിതിയോടു ധനമന്ത്രാലയം പറഞ്ഞു. പല ആരോഗ്യ സേവനങ്ങളും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇൻഷുറൻസ് പ്രീമിയത്തെ ഒഴിവാക്കാത്തത് അന്യായമായ ഭാരം സൃഷ്ടിക്കുന്നുവെന്നും ധനമന്ത്രാലയം അറിയിച്ചു.
ദുരന്തസാധ്യതാ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് ഐആർഡിഎഐയുടെ പരിഗണനയിലുണ്ടെന്നും കേന്ദ്രം സ്ഥിരസമിതിയെ അറിയിച്ചു. ഇതു പഠിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ്: 3 വർഷത്തെ നികുതി 21,255 കോടി
2021-22: 5,354.28 കോടി രൂപ
2022-23: 7,638.33 കോടി രൂപ
2023-24: 8,262.94 കോടി രൂപ
ആകെ: 21,255 കോടി രൂപ*
*കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിരിച്ചത്