സഞ്ജീവ് ഭട്ട് ഒരു കേസിൽ കുറ്റവിമുക്തൻ; 1997ലെ കസ്റ്റഡി പീഡനക്കേസിൽ തെളിവില്ലെന്ന് കോടതി
Mail This Article
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
സഞ്ജീവ് ഭട്ട് പോർബന്തർ എസ്പി ആയിരിക്കെ കസ്റ്റഡിയിൽ പീഡിപ്പിച്ചതായി നരൻ ജാദവ് ആണ് ആണു പരാതിപ്പെട്ടത്. 1994ലെ ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസിലെ 22 പ്രതികളിൽ ഒരാളായ ജാദവ് ശിക്ഷിക്കപ്പെട്ട് സബർമതി സെൻട്രൽ ജയിലിലായിരുന്നു. ജാദവിനെ 1997 ജൂലൈ 5ന് സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. ജാദവിനെയും മകനെയും ശരീരത്തിൽ വൈദ്യുതാഘാതം ഏൽപ്പിച്ചെന്നു പരാതിയിലുണ്ട്. മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയെ തുടർന്ന് 1998 ഡിസംബർ 31ന് ആണ് പൊലീസ് കേസെടുത്തത്.
ജാംനഗറിൽ 1990ൽ ഉണ്ടായ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷയും 1996ൽ ലഹരിമരുന്നു കേസിൽ അഭിഭാഷകനെ വ്യാജമായി കുടുക്കിയെന്ന കേസിൽ 20 വർഷത്തെ ശിക്ഷയും ലഭിച്ച സഞ്ജീവ് ഭട്ട് രാജ്കോട്ട് സെൻട്രൽ ജയിലിലാണുള്ളത്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ച് 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതു മുതൽ ബിജെപിയുടെ കണ്ണിലെ കരടാണു ഭട്ട്. 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവീസിൽനിന്നു പുറത്താക്കി.
∙ ‘ഒരു കേസിൽ കോടതി വെറുതെ വിട്ടതു ചെറിയ വിജയമെങ്കിലും പ്രധാനപ്പെട്ടതാണ്. കൂടുതൽ വിജയങ്ങൾക്കു മുന്നോടിയായി ഈ വിധിയെ കാണുന്നു. കെട്ടിച്ചമച്ച മറ്റു കേസുകളിലും സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ – ശ്വേത ഭട്ട് (സഞ്ജീവ് ഭട്ടിന്റെ ഭാര്യ)