ADVERTISEMENT

ധാക്ക/ കൊൽക്കത്ത∙ ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നു ധാക്കയിലെത്തും. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി അദ്ദേഹം ചർച്ചകൾ നടത്തും. ഓഗസ്റ്റ് 8ന് ഇടക്കാല സർക്കാർ ചുമതലയേറ്റ ശേഷം ബംഗ്ലദേശ് സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനാണ് മിശ്രി. ബംഗ്ലദേശിലെ താൽക്കാലിക സർക്കാരിൽ വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള തൗഹിദ് ഹുസൈനുമായും അദ്ദേഹം ചർച്ച നടത്തും. 

ഇരുരാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ ഇടർച്ച പരിഹരിക്കാൻ മിശ്രിയുടെ സന്ദർശനത്തിനു കഴിയുമെന്ന് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. 12 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടെ മിശ്രി ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിനെയും സന്ദർശിക്കുമെന്നാണ് വിവരം. 

ബംഗ്ലദേശിലെ മതമൗലികവാദികൾ ഇസ്കോൺ പ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് രാജ്യമെമ്പാടും സഞ്ചരിക്കുന്നതായി കൊൽക്കത്തയിലെ സംഘടനയുടെ വക്താവ് രാധാരമൺ ദാസ് ആരോപിച്ചു. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾക്കു കാരണമാകുമെന്നും അതു തടയാൻ സർക്കാരിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അക്രമങ്ങൾക്കെതിരെ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗങ്ങളിൽ ബംഗ്ലദേശിൽ അറസ്റ്റിലായ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന ആവശ്യമുയർന്നു.

പ്രതിഷേധക്കാർ ബംഗ്ലദേശിലെ ജംദാനി സാരി കത്തിച്ചു. ബംഗ്ലദേശ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവും ഉയർന്നു. 30000 ഇന്ത്യൻ സൈനികരാണ് ബംഗ്ലദേശ് വിമോചിപ്പിക്കാൻ വീരമൃത്യു വരിച്ചതെന്നു ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 

English Summary:

Bangladesh Conflict: Indian Foreign secretary in Dhaka today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com