ADVERTISEMENT

ബെംഗളൂരു∙ ആധുനിക, വികസനോന്മുഖ കാഴ്ചപ്പാടുകളാണ് സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണയെ കർണാടക രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവാക്കിയത്. ‘ബ്രാൻഡ് ബെംഗളൂരു’ അദ്ദേഹത്തിന്റെ ഭരണമികവിന്റെ മാത്രമല്ല, ദീർഘവീക്ഷണത്തിന്റെയും തെളിവാണ്. കൃഷ്ണയുടെ നേതൃത്വത്തിൽ ഐടി വ്യവസായ ആസ്ഥാനമായ ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺവാലിയായി കീർത്തി നേടി.

ചലച്ചിത്ര ഇതിഹാസം രാജ്കുമാറിനെ വനം കൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടു പോയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വവും സംഘർഷങ്ങളും, കാവേരി നദീജല തർക്കം, മൂന്നു വർഷം തുടർന്ന വരൾച്ച എന്നിവയെ അതിജീവിക്കാൻ കർണാടകയ്ക്കു നേതൃത്വം നൽകിയത് കൃഷ്ണയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ്, സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം തുടങ്ങി മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. കന്നഡയിലും ഇംഗ്ലിഷിലും ഒരേ മികവോടെ പ്രസംഗിച്ച് കയ്യടി നേടിയ അദ്ദേഹം വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ ജനതാദൾ നേതാവ് ദേവെഗൗഡയുടെ എതിരാളിയായാണ് രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയത്.

റാക്കറ്റെടുത്ത മുഖ്യമന്ത്രി

മുഖ്യമന്ത്രി പദവിയിൽ എത്തിയപ്പോഴും ടെന്നിസ് കളിക്കാൻ സമയം കണ്ടെത്തിയ നേതാവാണു കൃഷ്ണ. എന്നാൽ, 1999ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടെന്നിസ് റാക്കറ്റിൽ തൊടില്ലെന്നു സോണിയ ഗാന്ധിക്കു വാക്കുകൊടുത്ത് അദ്ദേഹം പാർട്ടിയെ വിജയത്തിലേക്കു നയിച്ചു. വിമ്പിൾഡൻ മത്സരം കാണാൻ ലണ്ടനിൽ പതിവായി പോകുമായിരുന്നു. വ്യായാമത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ ചെലുത്തിയ അദ്ദേഹത്തിന് ഡിസൈനർ വസ്ത്രങ്ങൾ ഏറെ ഇഷ്ടമായിരുന്നു. എം.എസ്.സുബ്ബുലക്ഷ്മി,പണ്ഡിറ്റ് ഭീംസെൻ ജോഷി, ലാൽഗുഡി ജയരാമൻ, ബാലമുരളീ കൃഷ്ണ എന്നിവരുടെ സംഗീത സദസ്സുകളുടെ ആരാധകനായിരുന്നു. 

2019ൽ മകളുടെ ഭർത്താവും കഫെ കോഫി ഡേ സ്ഥാപകനുമായ വി.ജി.സിദ്ധാർഥ ജീവനൊടുക്കിയതു കൃഷ്ണയെ തളർത്തി. കൊച്ചുമകൻ അമർത്യ ഹെഗ്ഡെയുടെ ഭാര്യ ഐശ്വര്യ, കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ മകളാണ്.

English Summary:

Legacy of SM Krishna: SM Krishna former CM of Karnataka was a visionary leader who spearheaded Bengaluru's transformation into India's Silicon Valley, establishing his legacy as a champion of progress and development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com