ലോക്സഭ: ഭരണഘടനാ ചർച്ചയിൽ ആരോപണപ്രത്യാരോപണങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചത് ആരെന്ന കാര്യത്തിൽ ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ പരസ്പരം ആരോപണമുന്നയിച്ചു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ദ്വിദിന ചർച്ച തുടങ്ങി.
-
Also Read
രാജ്യസഭ: ധൻകർ – പ്രതിപക്ഷ പോര് തുടരുന്നു
തങ്ങൾ ഭരണഘടന ഹൃദയത്തിലേറ്റുമ്പോൾ, പ്രതിപക്ഷം അതു പോക്കറ്റിൽ കൊണ്ടുനടക്കുകയാണെന്ന് ചർച്ച തുടങ്ങിവച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. ‘പല പ്രതിപക്ഷനേതാക്കളും ഭരണഘടനയുടെ പകർപ്പ് പോക്കറ്റിൽ കൊണ്ടുനടക്കുന്നതു കാണുന്നുണ്ട്. സത്യത്തിൽ ഇതവർ കുട്ടിക്കാലത്തു പഠിച്ച ശീലമാണ്. തലമുറകളായി കുടുംബങ്ങളിൽ ഭരണഘടന പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് ഇവർ കണ്ടിരിക്കുന്നത്’– രാജ്നാഥ് പറഞ്ഞു.
ഭരണഘടനയെക്കാൾ കോൺഗ്രസ് പ്രാമുഖ്യം നൽകിയത് അധികാരത്തിനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഒരു ഭരണഘടനാ സ്ഥാപനങ്ങളുടെയും പരമാധികാരം അംഗീകരിച്ചിരുന്നില്ല. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനാണു ശ്രമിച്ചത്. സ്വന്തം അധികാരമുറപ്പിക്കാൻ കോൺഗ്രസ് മിക്ക ഭരണഘടനാഭേദഗതികളും നടത്തിയപ്പോൾ, ജനങ്ങളെ ശാക്തീകരിക്കാനാണു മോദി സർക്കാർ ഭേദഗതികൾ വരുത്തിയതെന്ന് രാജ്നാഥ് അവകാശപ്പെട്ടു.
സർക്കാരുകളെ പണത്തിന്റെ ബലത്തിൽ മറിച്ചിടുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. ഭരണഘടനാ ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രസംഗിക്കും.
ലോയ പരാമർശവുമായി മഹുവ; ബഹളം
രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനു മറുപടിയായി തൃണമൂൽ അംഗം മഹുവ മൊയ്ത്ര ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെക്കുറിച്ചു പരാമർശിച്ചതിൽ ബഹളം. മഹുവയുടെ പരാമർശത്തിനെതിരെ നടപടിയുണ്ടാകുമെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മുന്നറിയിപ്പു നൽകിയതിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ സഭ 2 തവണ നിർത്തിവച്ചു.
അടിയന്തരാവസ്ഥക്കാലത്തെ നടപടിയോടു വിയോജിച്ചു വിധിയെഴുതിയ ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്ന് അനുകൂല വിധിയെഴുതിയ ആളെ ഇന്ദിരാ ഗാന്ധി ചീഫ് ജസ്റ്റിസ് ആക്കിയതിനെക്കുറിച്ച് രാജ്നാഥ് സിങ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് മഹുവ, ലോയയുടെ മരണത്തെക്കുറിച്ചു പരാമർശിച്ചത്. ഇതു സഭാരേഖകളിൽനിന്നു നീക്കി.