രാജ്യസഭ: ധൻകർ – പ്രതിപക്ഷ പോര് തുടരുന്നു
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സംരക്ഷിക്കാൻ ‘കർഷക കവചം’ തീർത്ത് ബിജെപി. കർഷകത്തൊഴിലാളിയുടെ മകനായ ദലിതനാണു പ്രതിപക്ഷനേതാവെന്നു കോൺഗ്രസ്. രാജ്യസഭാധ്യക്ഷൻ കൂടിയായ ധൻകറിനെതിരായ ആക്രമണത്തിൽ പ്രതിപക്ഷവും സംരക്ഷണത്തിൽ ബിജെപിയും വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടപ്പോൾ സഭ ഇന്നലെയും സ്തംഭിച്ചു.
ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള വാക്പോരിനും സഭ സാക്ഷ്യം വഹിച്ചു. കർഷകന്റെ മകനാണു താനെന്നും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും വികാരാധീനനായി ധൻകർ പറഞ്ഞു. ധൻകർ കർഷകന്റെ മകനാണെങ്കിൽ താൻ കർഷകത്തൊഴിലാളിയുടെ മകനാണെന്നായിരുന്നു ഖർഗെയുടെ മറുപടി. ബഹളം വച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അധ്യക്ഷനാണെന്നും പറഞ്ഞു.
ധൻകറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെയും ഖർഗെയുടെ സമൂഹമാധ്യമക്കുറിപ്പിന്റെയും പ്രിന്റൗട്ടുകൾ ഉയർത്തിക്കാട്ടി യുപിയിൽനിന്നുള്ള രാധാ മോഹൻദാസ് അഗർവാളാണ് ആദ്യം പ്രതിരോധമുയർത്തിയത്. ബിജെപി അംഗങ്ങളായ സുരേന്ദ്ര സിങ് നഗർ, നീരജ് ശേഖർ, കിരൺ ചൗധരി എന്നിവരും രംഗത്തുവന്നു.
ഭരണപക്ഷ അംഗങ്ങൾക്കു പ്രസംഗിക്കാൻ തുടർച്ചയായി അവസരം നൽകിയതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതിനു ശേഷമാണു കോൺഗ്രസ് സഭാകക്ഷി ഉപനേതാവ് പ്രമോദ് തിവാരിക്കു ക്രമപ്രശ്നം ഉന്നയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ, ഭരണപക്ഷം നടുത്തളത്തിലിറങ്ങിയതോടെ തിവാരിക്കു പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
14 ദിവസത്തെ നോട്ടിസിനു ശേഷം പ്രമേയത്തിലൂടെ മാത്രമേ രാജ്യസഭാധ്യക്ഷനെതിരായ ചർച്ച നടത്താൻ കഴിയൂ എന്നറിയില്ലേയെന്നു തിവാരിയോടു ധൻകർ ചോദിച്ചു. തുടർന്ന്, ഖർഗെയെ ക്രമപ്രശ്നം അവതരിപ്പിക്കാൻ ക്ഷണിച്ചു. പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഭരണപക്ഷാംഗങ്ങളെ അടക്കിനിർത്തണമെന്നു ഖർഗെ ആവശ്യപ്പെട്ടു. ധൻകർ നിർദേശിച്ചെങ്കിലും ഭരണപക്ഷാംഗങ്ങൾ ബഹളം നിർത്തുകയോ സീറ്റിൽ ഇരിക്കുകയോ ചെയ്തില്ല.
സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സഭാനേതാവിനെയും പ്രതിപക്ഷനേതാവിനെയും ചേംബറിൽ ചർച്ചയ്ക്ക് ക്ഷണിച്ച ശേഷം ധൻകർ സഭ നിർത്തിവച്ചു.
രാജ്യസഭയിലേക്ക് എതിരില്ലാതെ
ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷ രേഖാ ശർമ ഉൾപ്പെടെയുള്ളവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിൽ നിന്നാണു രേഖാ ശർമ രാജ്യസഭയിലേക്ക് എത്തുന്നത്. ബിജെപി അംഗങ്ങളായ സുജീത് കുമാർ (ഒഡീഷ), ആർ. കൃഷ്ണയ്യ (ആന്ധ്ര), ടിഡിപി അംഗങ്ങളായ ബീദ മസ്താൻ റാവു, സന സതീഷ് ബാബു (ഇരുവരും ആന്ധ്ര) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.