ADVERTISEMENT

ന്യൂഡൽഹി ∙ 1971ലെ ഇന്ത്യ–പാക്ക് യുദ്ധവും ഇന്ത്യയുടെ വിജയവുമെല്ലാം രാഷ്ട്രീയപ്പോരിനു വീണ്ടും വിഷയമാകുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുണ്ടായ യുദ്ധവിജയം ആഘോഷിക്കാൻ ബിജെപി സർക്കാരിനു താൽപര്യമില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. വിഷയം പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ ലോക്സഭയിൽ ഉയർത്തി.

1971 ലെ യുദ്ധത്തിൽ പരാജയം സമ്മതിച്ച് കീഴടങ്ങൽ രേഖയിൽ പാക്കിസ്ഥാൻ ഒപ്പിടുന്ന ചിത്രം, കരസേനാ മേധാവിയുടെ ഓഫിസ് മുറിയിൽനിന്നു നീക്കിയതാണു വിവാദത്തിനു കാരണമായത്. പകരം മഹാഭാരത സന്ദർഭത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട പെയിന്റിങ്ങാണു സ്ഥാപിച്ചത്. കരസേനയെ ധർമസംരക്ഷകരായി ചിത്രീകരിക്കുന്നതായിരുന്നു ഈ പെയ്ന്റിങ്. നേപ്പാൾ കരസേനാ മേധാവി അശോക് രാജ് സിഗ്ധൽ ഏതാനും ദിവസം മുൻപു സന്ദർശിച്ചപ്പോൾ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി സേനാ ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിൽനിന്നാണ് പതിറ്റാണ്ടുകളായി സേനാ ആസ്ഥാനത്തുണ്ടായിരുന്ന ചിത്രം മാറ്റിയെന്ന വിവരം പുറത്തുവന്നത്. പിന്നാലെ റിട്ട. സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വിമർശനം ഉയർത്തി.

യുദ്ധവിജയത്തിന്റെ ഓർമദിവസമായ ഇന്നലെ ലോക്സഭയിൽ ശൂന്യവേളയിൽ സംസാരിച്ച പ്രിയങ്ക ഗാന്ധി ചിത്രം സേനാ ആസ്ഥാനത്തു പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സേനയുടെ ആത്മവീര്യത്തിന്റെയും കരുത്തിന്റെയും അടയാളമാണ് ആ ചിത്രമെന്നും ഇതു മാറ്റാനുള്ള കാരണമെന്താണെന്ന് എംപിമാരുടെ സമിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടഗോർ നോട്ടിസ് നൽകി. ഇതിനിടെ, സേനാ ആസ്ഥാനത്തുനിന്നു നീക്കിയ ചിത്രം ഇന്നലെ ഡൽഹി കന്റോൺമെന്റിലെ മനേക്‌ഷാ സെന്ററിൽ സ്ഥാപിച്ചു. പൊതുജനങ്ങൾ ഉൾപ്പെടെ കൂടുതലായി എത്തുന്ന ഇവിടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ യുദ്ധത്തിന്റെ ഓർമകൾ കൂടുതൽ പേരിലെത്തിക്കാനാകുമെന്ന് സേനാ വൃത്തങ്ങൾ പറഞ്ഞു. സേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ചിത്രം ഇവിടെ അനാഛാദനം ചെയ്തത്.

English Summary:

The 1971 Indo-Pak War: A painting depicting the 1971 Indo-Pak war surrender removed from the Army Chief's office sparks political debate in India, with Congress accusing the BJP of downplaying Indira Gandhi's role in the victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com