വ്യാജ ബോംബ് ഭീഷണി: ലക്ഷം രൂപ പിഴ; വിമാനസുരക്ഷാ ചട്ടത്തിൽ ഭേദഗതി
Mail This Article
ന്യൂഡൽഹി ∙ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉയർത്തുന്ന വ്യക്തികൾക്ക് ഇനി ഒരു ലക്ഷം രൂപ പിഴ ചുമത്തും. ഇതിനായി 2023 ലെ വിമാനസുരക്ഷാചട്ടം കേന്ദ്രവ്യോമയാന മന്ത്രാലയം ഭേദഗതി ചെയ്തു. 2023 ലെ സുരക്ഷാചട്ടത്തിൽ നിഷ്കർഷിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ ആണ് വ്യാജ ഭീഷണികൾക്കും ഭേദഗതിയിലൂടെ ഉറപ്പാക്കിയിരിക്കുന്നത്. ഈ കുറ്റത്തിന് വ്യക്തികൾക്ക് ഒരു ലക്ഷം രൂപയാണ് പിഴയെങ്കിൽ, സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ (150 ജീവനക്കാർ വരെ), 75 ലക്ഷം രൂപ (150–300 ജീവനക്കാർ), ഒരു കോടി രൂപ (300 ജീവനക്കാർക്ക് മുകളിൽ) എന്നിങ്ങനെയാണ് പിഴ.
വ്യാജ ഭീഷണി തടയാനായി ‘30 എ’ എന്ന പുതിയ വകുപ്പാണ് ചേർത്തിരിക്കുന്നത്. ഇതനുസരിച്ച് വിമാനങ്ങൾ, വിമാനത്താവളം, വ്യോമയാനസംവിധാനങ്ങൾ എന്നിവയുടെ സുരക്ഷയെ മരവിപ്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന ഭീഷണികൾ പാടില്ല. ജീവനക്കാർ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും കുറ്റകൃത്യമാണ്. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) സുരക്ഷാകാരണങ്ങൾ മുൻനിർത്തി വ്യക്തികളുടെയോ ഒരു കൂട്ടം ആളുകളെയോ വിമാനയാത്രയിൽ നിന്ന് വിലക്കാം. വിമാനത്തിൽ കയറിയവരോട് ഇറങ്ങാനും ആവശ്യപ്പെടാം. ഇതിന് വിസ്സമ്മതിക്കുന്നതും കുറ്റകൃത്യമാണ്, ഒരു ലക്ഷം രൂപ പിഴ ഈടാക്കാം.
2 വർഷം: 1116 ഭീഷണി
∙ 2 വർഷത്തിനിടെ ഇന്ത്യയിൽ വിമാനസർവീസുകൾക്കെതിരെയുണ്ടായത് 1116 വ്യാജ ബോംബ് ഭീഷണി.
∙ ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം 713.
∙ 2023 ലാകെ 122 ഭീഷണകളാണുണ്ടായതെങ്കിൽ 2024 നവംബർ വരെ മാത്രം 994.
∙ ഏറ്റവും കൂടുതൽ ഡൽഹിയിൽ– 288, രണ്ടാമത് മഹാരാഷ്ട്ര– 244. കേരളത്തിൽ 59 സംഭവങ്ങൾ.