‘നിർഭാഗ്യവാനായ’ ബേബി ഖുറേഷി, മിനക്കോളയുടെ ഹൃദയം കവർന്ന താളം; കടൽകടന്ന താള‘ശക്തി’
Mail This Article
1951, മുംബൈയിലെ മാഹിം.
കുഞ്ഞു സാക്കിറിന്റെ കാതിൽ സൂക്തങ്ങൾ ഉരുവിടുന്ന ചടങ്ങ്. പിതാവ് തബലമാന്ത്രികൻ അല്ലാ രഖാ മകന്റെ ചെവിയോടു ചുണ്ടുചേർത്തു. തബലയിലെ വിരൽച്ചിറകടി പോലെ ചുണ്ട് ഒരു താളം പിടിച്ചു: തധകിട്, തധകിട്...
-
Also Read
വാനപ്രസ്ഥം: സാക്കിറിന്റെ മനോഹര ചാലഞ്ച്
സാക്കിറിന്റെ മാതാവ് ബാവി ബീഗം അമ്പരപ്പോടെ ഭർത്താവിനെ നോക്കി. അല്ലാ രഖാ പറഞ്ഞു: ‘‘ഇതാണ് എന്റെ പ്രാർഥനാസൂക്തങ്ങൾ. എന്റെ ഗുരുനാഥൻ എനിക്ക് പറഞ്ഞുതന്ന മന്ത്രങ്ങൾ. അവ എന്റെ മകനിലേക്കു പകർന്നുകൊടുക്കുന്നു...’’ കുഞ്ഞുസാക്കിർ ആ താളത്തിൽ ലയിച്ചുമയങ്ങി.
2017, തൃശൂരിലെ പെരുവനം ഗ്രാമം.
വേദിയിൽ തബലയിൽ പ്രാവിന്റെ ചിറകടിപോലെ കുറുകി; അതേ സാക്കിർ ഹുസൈൻ.
‘‘എനിക്ക് മലയാളം അറിയാം, പറയട്ടേ..?’’ സദസ്സ് കാതുകൂർപ്പിച്ചു. ഉസ്താദിന് മലയാളമോ?
പിതാവ് അല്ലാ രഖാ, അന്നു തന്റെ കാതിൽ എന്നതുപോലെ സാക്കിറിന്റെ ചുണ്ട് മൈക്കിന്റെ കാതോടു ചേർന്നു: ‘‘ധാ തരിതരികിട ധാ! – ഇതാണ് എനിക്ക് അറിയാവുന്ന മലയാളം.’’
ഒപ്പം ഉസ്താദ് തബലയിൽ ആ നടവായിച്ചു. അതിനെ തോൽപിക്കാൻ കാണാ തബലയിൽ ആയിരക്കണക്കിനു കാണികൾ പെരുക്കിയ കയ്യടികൾ. അതെ, സാക്കിർ ഹുസൈന് അറിയാവുന്ന ഭാഷ തബലയിലെ താളങ്ങളായിരുന്നു. ആ ഭാഷയിൽ ഏതു രാജ്യത്തും ഏത് സദസ്സിനോടും ഉസ്താദ് സംവദിച്ചു; വിരലുകൾ ചുണ്ടുകളായി.
‘നിർഭാഗ്യവാനായ’ ബേബി ഖുറേഷി
സാക്കിർ ജനിക്കുമ്പോൾ രോഗബാധിതനായിരുന്നു അല്ലാ രഖാ. അതുകൊണ്ടു തന്നെ നിർഭാഗ്യവാനായ കുട്ടിയായി ആളുകൾ കുഞ്ഞു സാക്കിറിനെ കരുതി. ഖുറേഷി എന്നാണ് അല്ലാ രഖായുടെ കുടുംബപ്പേര്. ആളുകൾ ബേബി ഖുറേഷി എന്ന് വിളിച്ചു പോന്നു. ഒരുനാൾ ഒരു സൂഫിവര്യൻ വീട്ടിലെത്തി. സാക്കിർ ജനിച്ചപ്പോൾ പിതാവ് രോഗബാധിതനായതിന്റെ സങ്കടം അമ്മ പങ്കുവച്ചു. സൂഫി ഒരുനിമിഷം നിശ്ശബ്ദനായി കണ്ണടച്ചു. ‘‘ഇവൻ നിർഭാഗ്യവാനല്ല, ഈ കുട്ടി അല്ലാ രഖായുടെ രോഗം ഭേദമാക്കും. അവന് ഫക്കീർ ഹസ്രത്ത് ഇമാം ഹുസൈന്റെ നാമമായ സാക്കിർ ഹുസൈൻ എന്നു പേരിടൂ..’’ അങ്ങനെ ബേബി ഖുറേഷി സാക്കിർ ഹുസൈനായി.
അല്ലാ രഖായുടെ രോഗം കുറഞ്ഞുവന്നു. 4 വർഷത്തിനു ശേഷം രോഗം നിശ്ശേഷം മാറി അല്ലാ രഖാ വേദിയിലെത്തി. സാക്കിർ ഹുസൈന്റെ ജീവിതത്തിൽ ഭാഗ്യം താളംമുഴക്കിത്തുടങ്ങി. മേശകളിലും പാത്രങ്ങളിലും താളം പിടിച്ചുതുടങ്ങിയ ആ കുഞ്ഞിക്കൈകൾ ലോകം അറിയപ്പെടുന്ന ഒരു തബലവാദകനിലേക്കുള്ള വളർച്ചയാണെന്ന് അല്ലാ രഖാ അന്നേ തിരിച്ചറിഞ്ഞിരുന്നു. അല്ലാ രഖാ റിക്കോർഡിങ് സ്റ്റുഡിയോയിൽ ലതാ മങ്കേഷ്കർക്കും മുഹമ്മദ് റഫിക്കുമൊക്കെ തബലയിൽ താളമിട്ടു കൊടുക്കുമ്പോൾ 7 വയസ്സുകാരൻ സാക്കിർ അതു കണ്ടുനിന്നു. പഞ്ചാബ് ഘരാനയിൽ പിതാവിന്റെ പാത പിന്തുടർന്ന് അതേവർഷം സരോദ് വിദഗ്‌ധൻ ഉസ്‌താദ് അലി അക്‌ബർ ഖാനോടൊപ്പം ഏതാനും മണിക്കൂർ പിതാവിനു പകരക്കാരനായി.
തൽക്കാലം മകനെ അയയ്ക്കാം
ഒരിക്കൽ, പട്നയിൽ ദസറ ഉത്സവത്തിനു തബല വായിക്കാൻ അല്ലാ രഖായെ ക്ഷണിച്ചു കൊണ്ടുള്ള ഇംഗ്ലിഷ് കത്ത് സാക്കിർ ഹുസൈന്റെ വീട്ടിൽ വന്നു. ഇംഗ്ലിഷ് അറിയാവുന്നതു സാക്കിറിനു മാത്രം. കത്തിനു മറുപടി സാക്കിർ എഴുതി: ‘‘ഉസ്‌താദ് അല്ലാ രഖാ, പണ്ഡിറ്റ് രവിശങ്കറിനൊപ്പം അമേരിക്കയിൽ പോയിരിക്കുന്നു. തൽക്കാലം മകൻ സാക്കിർ ഹുസൈനെ അയയ്ക്കാം...’’
മറുപടി വന്നു: ‘‘ദയവായി മകനെ അയയ്ക്കുക.’’
സുഹൃത്തുക്കളുടെ സഹായത്തോടെ ട്രെയിൻ യാത്രയ്ക്കുള്ള തുക കണ്ടെത്തി അമ്മയെപ്പോലും അറിയിക്കാതെ പട്നയിലേക്കു പോകുമ്പോൾ സാക്കിറിനു വയസ്സ് 12. തബലയുമായുള്ള ആഗോളയാത്രയുടെ ‘ആദ്യനട’. അവിടെച്ചെന്ന സാക്കിർ കണ്ടത് പതിനായിരത്തോളം വരുന്ന കാണികളുടെ സമുദ്രം. തബല വായിക്കേണ്ടത് മഹാനായ സിത്താർ വാദകൻ ഉസ്‌താദ് അബ്ദുൽ ഹലിം ജാഫർ ഖാൻ, ഷെഹനായ് ചക്രവർത്തി ബിസ്‌മില്ലാ ഖാൻ എന്നിവരോടൊപ്പം. 2 ദിവസത്തെ കച്ചേരികളിൽ തബല വായിക്കുമ്പോൾ കൈവിരലുകൾ വിറച്ചു. പതിയെ അത് താളത്തിനു വഴിമാറി.
മിനക്കോളയുടെ ഹൃദയം കവർന്ന താളം
1970 ൽ അമേരിക്കയിൽ സിത്താർ മാന്ത്രികൻ രവി ശങ്കറിനൊപ്പം 18–ാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചതോടെ ആ നാട് സാക്കിറിനെ പിടിച്ചുകെട്ടി. 19–ാം വയസ്സിൽ വാഷിങ്‌ടൻ സർവകലാശാലയിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ പദവി. അന്നുമുതൽ മരിക്കുന്നതുവരെ യുഎസ് ആയിരുന്നു തട്ടകം. ഇടയ്ക്ക് ഇന്ത്യയടക്കം എല്ലായിടത്തേക്കും പറന്നെത്തുന്ന യാത്രകൾ.
താളവേഗത്തിനൊപ്പം ആടിയുലയുന്ന നീട്ടിവളർത്തിയ മുടി. കൈവിരലുകൾ ചലിക്കുന്നതിനൊപ്പം ചുണ്ടുകളുടെ നിശബ്ദ നൃത്തം. ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും വിനയം കൊണ്ടു മനുഷ്യന്റെ മനസ്സിൽ താളമിടുന്ന ഹൃദയം. ആ ഹൃദയത്തെ പിടിച്ചുകെട്ടിയത് കലിഫോണിയയിൽ സംഗീതപരിശീലനത്തിനിടെ കണ്ടുമുട്ടിയ കഥക് നർത്തകി അന്റോണിയ മിനെക്കോള. 8 വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരറിയാതെ വിവാഹിതരായി. പക്ഷേ, പിതാവ് അല്ലാ രഖാ എല്ലാം അറിയുന്നുണ്ടായിരുന്നു. അദ്ദേഹം അത് ഭാര്യയിൽ നിന്നു മറച്ചുവച്ചു. 2 പെൺമക്കൾ പിറന്നതോടെ അന്റോണിയ കഥക് വിട്ടു കുടുംബം നോക്കി. അതാണ് ലോകമെങ്ങും തബലയുമായി സഞ്ചരിക്കാൻ തന്നെ സഹായിച്ചതെന്ന് സാക്കിറിന്റെ തുറന്നുപറച്ചിൽ.
കടൽകടന്ന താള‘ശക്തി’
‘ശക്തി’ എന്ന ഫ്യൂഷൻ സംഗീത ബാൻഡിന് 1974 ൽ രൂപം നൽകുമ്പോൾ ലോകോത്തര സംഗീതജ്ഞരായിരുന്നു ചുറ്റും. വയലിനിസ്റ്റ് എൽ. ശങ്കർ, ഗിറ്റാറിസ്റ്റ് ജോൺ മക്‌ലോലിൻ, മൃംദംഗ വാദകൻ റാംനന്ദ് രാഘവ്, ഘടം വാദകൻ വിക്കു വിനായക്റാം എന്നിവരുമായി ചേർന്നു ഹിന്ദുസ്ഥാനി കർണാടക സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച വേദികൾ... ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴുള്ള സമ്മർദമായിരുന്നു ആഗോളവേദിയിൽ ശക്തി അരങ്ങേറുമ്പോഴെന്നു സാക്കിർ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമ 2016 ൽ വൈറ്റ് ഹൗസിൽ നടന്ന ഓൾ സ്‌റ്റാർ ഗ്ലോബൽ കൺസർട്ടിൽ പങ്കെടുക്കാൻ ക്ഷണിച്ചത് ചരിത്രം. സാൻഫ്രാൻസിസ്‌കോ ജാസ് സെന്റർ ലൈഫ് ടൈം അച്ചീവ്‌മെന്റ്‌് പുരസ്‌കാരം (2017), പ്രിൻസ്റ്റൺ സർവകലാശാലയുടെ ഓൾഡ് ഡോമിനോ ഫെലോ അംഗീകാരം (2005), രാജ്യാന്തര സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റുകൾ... അംഗീകാരങ്ങളുടെ നിലയ്ക്കാത്ത കയ്യടികൾ.
ലോകമെങ്ങും പോയിട്ടും കേരളത്തോട് തബലയോളം ഇഷ്ടമായിരുന്നു. പാലക്കാട് മണി അയ്യരുടെയും ആരാധകനായിരുന്നു ഉസ്താദ്.
ശമനതാളം
വേദിയിൽ തബലപെരുക്കുമ്പോൾ നാക്കുകൊണ്ട്, ചലനം കൊണ്ട് കുസൃതികൾ ഒപ്പിക്കുമായിരുന്നു സാക്കിർ. തബലയിൽ മാനോടുന്ന ശബ്ദം, മഴയുടെ വരവ്, കടലിന്റെ തിരയടി തുടങ്ങിയ മിമിക്രികൾ. അതു ചെയ്തിട്ട് കുസൃതിയൊപ്പിച്ച കുട്ടിയെപ്പോലെ ഒരു ചിരി പാസാക്കും.
മരണത്തിലും അങ്ങനൊരു കുസൃതി ഒപ്പിച്ചു സാക്കിർ. ശനിയാഴ്ച രാത്രി മരിച്ചെന്നു പറഞ്ഞ് ലോകത്തെ പറ്റിച്ചു. അനുശോചനങ്ങൾ പ്രവഹിക്കുമ്പോൾ, ജീവനോടെ കുറച്ചു മണിക്കൂറുകൾകൂടി സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഹൃദയം കൊണ്ടു താളംകൊട്ടിയൊരു കിടപ്പ്; അഥവാ ലോകമെങ്ങുമുള്ള ആരാധകരുടെ തലയ്ക്കിട്ടൊരു ‘കൊട്ട്’... തധകിട് ധാ..!