ഒറ്റ തിരഞ്ഞെടുപ്പ്: ബില്ലുകൾ ഇന്ന് ലോക്സഭയിൽ
Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള 2 ബില്ലുകൾ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി. സഭയിലുണ്ടാകണമെന്നു ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ് നൽകി. ഇന്നലെ അവതരിപ്പിക്കാനായി 2 ദിവസം മുൻപേ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ അവതരിപ്പിക്കുന്ന ബില്ലുകൾ തുടർന്ന് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടാനാണ് സാധ്യത. ‘ഒരു രാജ്യം, ഒന്നിച്ചു തിരഞ്ഞെടുപ്പ്’ എന്ന എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്.
ലോക്സഭയുടെ പൂർണകാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കുന്ന തരത്തിലാണ് ബില്ലുകൾ. 5 വർഷത്തെ പൂർണകാലാവധിക്കു മുൻപ് ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. തുടർന്ന് നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പ്. അതിലൂടെ രൂപപ്പെടുന്ന ലോക്സഭയ്ക്ക് ബാക്കി സമയത്തേക്ക് മാത്രമാവും കാലാവധി. നിയമസഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും.