പ്രധാനമന്ത്രി മോദി കുവൈത്തിലേക്ക്, ലക്ഷ്യം സഹകരണം; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 4 പതിറ്റാണ്ടിനു ശേഷം
Mail This Article
ന്യൂഡൽഹി ∙ നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇന്നും നാളെയുമായി കുവൈത്ത് സന്ദർശിക്കുമ്പോൾ വാണിജ്യം, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം കരുത്തേകുമെന്നു വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.
കുവൈത്തിലെ ലേബർ ക്യാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്; രാജ്യത്തെ ആകെ ജനസംഖ്യയുടെ 21%, അവിടത്തെ തൊഴിൽ വിഭാഗത്തിന്റെ 30 ശതമാനവും.
വാണിജ്യ–വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 3% കുവൈത്തിൽ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.